കോലഞ്ചേരി: കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ അടഞ്ഞുകിടക്കുന്നതും ഉപയോഗശൂന്യമായി മാറുന്നതുമായ കളിക്കളങ്ങൾ നവീകരിച്ച് യുവജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് AIYF പ്രക്ഷോഭത്തിലേക്ക്. വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ വയലമ്പാട് കാളവയൽ ഗ്രൗണ്ട് യുവജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും ഗ്രൗണ്ട് സമീപത്തെ പോൾ പി. മാണി ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ആവശ്യത്തിനായി ഉപയോഗിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നാളെ രാവിലെ 10ന് AIYF കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തും.AIYF സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവിയർ മാർച്ച് ഉദ്ഘാടനം ചെയ്യും.

വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ വയലമ്പാട് കാളവയൽ ഗ്രൗണ്ടിന്റെ നിലവിലെ അവസ്ഥ.
സർക്കാർ പദ്ധതിയിൽ ഉൾപ്പെട്ട കാളവയൽ ഗ്രൗണ്ട്
സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ ഉൾപ്പെട്ട കളിക്കളമാണ് വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ കാളവയൽ ഗ്രൗണ്ട്. ഗ്രാമീണ മേഖലകളിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും യുവാക്കൾക്ക് കായിക പ്രവർത്തനങ്ങൾക്ക് അവസരം ഒരുക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിലെ പ്രധാന കളിക്കളങ്ങളിലൊന്നായ കാളവയൽ ഗ്രൗണ്ടിനെ പ്രദേശത്തെ യുവാക്കളും കായികപ്രേമികളും ദീർഘകാലമായി ആശ്രയിച്ചുവരുന്നതായി AIYF ചൂണ്ടിക്കാട്ടി.
എന്നാൽ ഗ്രൗണ്ട് സംരക്ഷിച്ച് യുവജനങ്ങൾക്ക് ഉപയോഗിക്കാവുന്ന രീതിയിൽ തുറന്നുകൊടുക്കുന്നതിനുപകരം നിലവിലെ സ്ഥിതി തുടരുകയും സമീപത്തെ പോൾ പി. മാണി ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഏരിയയായി ഉപയോഗിക്കാനുള്ള നീക്കം നടത്തുകയുമാണെന്നാണ് AIYF ആരോപിക്കുന്നത്. കളിക്കളത്തിന്റെ സ്വഭാവം നഷ്ടപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ലെന്നും സംഘടന വ്യക്തമാക്കി.
മണ്ഡലത്തിലെ മറ്റു കളിക്കളങ്ങളും അവഗണനയിലെന്ന് ആരോപണം
കുന്നത്തുനാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കളിക്കളങ്ങളും സമാനമായ അവഗണന നേരിടുകയാണെന്ന് AIYF ആരോപിച്ചു.
ഒളിമ്പ്യൻ പി.ആർ. ശ്രീജേഷിന്റെ പേരിൽ പള്ളിക്കരയിൽ ആരംഭിച്ച സ്റ്റേഡിയത്തിന്റെ നിർമാണം വർഷങ്ങളായി പൂർത്തിയാകാതെ തുടരുകയാണ്. പുത്തൻകുരിശ്, പൂത്തൃക്ക, തിരുവാണിയൂർ പഞ്ചായത്തുകളിലെ കളിക്കളങ്ങളും യുവജനങ്ങൾക്ക് ആവശ്യമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നില്ലെന്നും സംഘടന ആരോപിച്ചു.
മഴുവന്നൂർ പഞ്ചായത്ത് ഓഫീസിന് പിന്നിലുള്ള കളിസ്ഥലം നവീകരിച്ച് യുവാക്കൾക്ക് കളിക്കാൻ പാകത്തിലാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും AIYF ചൂണ്ടിക്കാട്ടി.
‘ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കൊപ്പം കളിക്കളങ്ങളും വേണം’
യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ സർക്കാർ സംവിധാനങ്ങളും വിവിധ സംഘടനകളും പൊതുസമൂഹവും ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ യുവജനങ്ങൾക്ക് കായിക വിനോദത്തിനുള്ള പൊതുകളിക്കളങ്ങൾ സംരക്ഷിക്കുകയും തുറന്നുകൊടുക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് AIYF വ്യക്തമാക്കി.
കളിക്കളങ്ങൾ അടഞ്ഞുകിടക്കുകയും നശിക്കുകയും ചെയ്യുന്നത് യുവാക്കളെ കായികരംഗത്തുനിന്നും മറ്റു ആരോഗ്യകരമായ വിനോദങ്ങളിൽനിന്നും അകറ്റുന്നതിന് കാരണമാകുമെന്നും സംഘടന പറഞ്ഞു.
കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ പൊതുകളിക്കളങ്ങളും അടിയന്തരമായി നവീകരിച്ച് യുവജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്നും കാളവയൽ ഗ്രൗണ്ട് കായിക ആവശ്യങ്ങൾക്ക് തന്നെ സംരക്ഷിക്കണമെന്നും AIYF ആവശ്യപ്പെട്ടു.
ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിലേക്കും എം.എൽ.എ ഓഫീസിലേക്കും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് AIYF മണ്ഡലം പ്രസിഡന്റ് വിഷ്ണു കുന്നത്തുനാട്, സെക്രട്ടറി പ്രണവ് പ്രഭാകരൻ, കലാകായിക സബ് കമ്മിറ്റി മണ്ഡലം കൺവീനർ ജമിത് എം.ടി എന്നിവർ അറിയിച്ചു.

0 Comments