മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കേരള പൊലീസ് നടത്തിയ സംസ്ഥാനവ്യാപക പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13ന് രാവിലെ ഏഴുമുതൽ 17ന് രാവിലെ ഏഴുവരെയായിരുന്നു പരിശോധന. സംസ്ഥാനത്തെ പൊലീസ് ജില്ലകളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് എറണാകുളം റൂറലിലാണ്.
എറണാകുളം റൂറലിൽ 710 കേസുകൾ
നാല് ദിവസത്തെ പരിശോധനയിൽ എറണാകുളം റൂറലിൽ 710 പേർക്കെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം റൂറലിൽ 497 കേസുകളും കോട്ടയത്ത് 456 കേസുകളും രജിസ്റ്റർ ചെയ്തു. ഏറ്റവും കുറവ് കേസുകൾ കാസർകോട് ജില്ലയിലാണ്, 75.
നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനി കൂപ്പർ കാർ ഇരുചക്രവാഹനത്തിലിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ സംസ്ഥാനതലത്തിൽ പരിശോധന ശക്തമാക്കിയത്. മദ്യലഹരിയിൽ വാഹനം ഓടിച്ചതായി ആരോപിക്കപ്പെട്ട ഡ്രൈവർക്കെതിരെ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിരുന്നു.
പരിശോധന തുടരുമെന്ന് പൊലീസ്
ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ മേൽനോട്ടത്തിലാണ് വിവിധ പൊലീസ് യൂണിറ്റുകൾ പ്രത്യേക പരിശോധന നടത്തിയത്.
മദ്യപിച്ച് വാഹനമോടിക്കുന്നത് റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമാകുന്നുവെന്ന് എഡിജിപി പി. വിജയൻ വ്യക്തമാക്കി. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള വാഹനപരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും പൊലീസ് അറിയിച്ചു.


0 Comments