Prime News Age എറണാകുളം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഡൽഹി സമരം ശക്തമാകുന്നതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കാൻ എറണാകുളം ജില്ലയിൽനിന്നും യുവജന-വിദ്യാർത്ഥി പ്രവർത്തകരുടെ യാത്ര തുടരുന്നു. ഡിവിൻ കെ. ദിനകരൻ, അൽവിൻ സേവ്യർ, പി.എം. നിസാമുദ്ദീൻ, ഗോവിന്ദ് എസ്. എന്നിവർ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ചു. ഇവർക്ക് സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ യാത്രയയപ്പ് നൽകി.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (SIR) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളും വോട്ടവകാശം നിഷേധിക്കപ്പെടുമെന്ന ആശങ്കയുമാണ് ഡൽഹിയിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് വഴിതെളിച്ചത്. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കൊപ്പം AISF AIYF ഉൾപ്പെടെയുള്ള വിവിധ യുവജന-വിദ്യാർത്ഥി സംഘടനകളും പ്രതിഷേധരംഗത്തുണ്ട്.
ഡൽഹി സമരം തുടരുന്നതിനിടെ പ്രതിഷേധക്കാരെ പോലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിൽനിന്നും നേരത്തെ നിരവധി പേർ സമരത്തിന്റെ ഭാഗമാകാൻ ഡൽഹിയിലെത്തിയിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് കൂടുതൽ യുവാക്കൾ ജില്ലയിൽനിന്ന് യാത്ര തിരിക്കുന്നത്.
വോട്ടവകാശത്തിന്റെ സംരക്ഷണവും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ തിരഞ്ഞെടുപ്പ് സംവിധാനവും ഉറപ്പാക്കണമെന്ന ആവശ്യമാണ് ഡൽഹിയിലെ പ്രതിഷേധത്തിന്റെ കേന്ദ്രവിഷയം. പ്രതിഷേധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമിടയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവജന-വിദ്യാർത്ഥി പങ്കാളിത്തം തുടരുന്ന സാഹചര്യത്തിലാണ് എറണാകുളം ജില്ലയിൽനിന്നും പ്രവർത്തകർ ഡൽഹിയിലേക്ക് എത്തുന്നത്.


0 Comments