കുന്നത്തുനാട്: പുത്തൻകുരിശ് കാളവയൽ മൈതാനം എഐവൈഎഫ് പ്രതിഷേധത്തിന്റെ ഭാഗമായി, വടവുകോട്–പുത്തൻകുരിശ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കാളവയൽ മൈതാനം കായികപ്രേമികൾക്കായി തുറന്നുകൊടുക്കണമെന്നും പോൾ പി. മാണി ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റാനുള്ള പഞ്ചായത്ത് തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് എഐവൈഎഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് പി. വി. ശ്രീനിജൻ എംഎൽഎ കാളവയൽ മൈതാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഏകദേശം ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയാക്കിയെങ്കിലും, പൂർത്തീകരണത്തിന് മാസങ്ങൾക്കകം മൈതാനം പൂർണമായി അടച്ചുപൂട്ടിയ നിലയിലായെന്ന് എഐവൈഎഫ് ആരോപിച്ചു.
പാർക്കിംഗ് ഗ്രൗണ്ടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
നിലവിൽ മൈതാനത്തിന് സമീപം പ്രവർത്തിക്കുന്ന ഓഡിറ്റോറിയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടാക്കി കാളവയൽ മൈതാനം മാറ്റാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. മൈതാനം പാർക്കിംഗ് ഗ്രൗണ്ടാക്കി മാറ്റിയാൽ ഫെൻസിങ്, സംരക്ഷണവേലികൾ, ഫ്ലഡ് ലൈറ്റുകൾ, ഗ്യാലറികൾ തുടങ്ങിയ സൗകര്യങ്ങൾ പൊളിച്ചുമാറ്റേണ്ടിവരുമെന്ന് സമരക്കാർ പറഞ്ഞു.
ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച ഗ്രൗണ്ടിലെ വികസന പ്രവർത്തനങ്ങൾ പൊളിച്ചുനീക്കാൻ പഞ്ചായത്ത് ലക്ഷ്യമിടുന്നതിന് പിന്നിൽ ഗ്രൗണ്ടിന്റെ ഉദ്ഘാടനസമയത്ത് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും തമ്മിലുണ്ടായ തർക്കമാണെന്നും സമരക്കാർ ആരോപിച്ചു.
നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് എഐവൈഎഫ്
ഓഡിറ്റോറിയത്തിന്റെ പാർക്കിംഗിനായി ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലം ഉപയോഗിക്കാനാകുമെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി. ഏകദേശം അമ്പതോളം വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സ്ഥലം നിലവിൽ അവിടെയുണ്ടായിരിക്കെ പഞ്ചായത്ത് ഭരണസമിതി സ്വീകരിച്ച തീരുമാനം വിചിത്രമാണെന്നും ഇത് നാട്ടിലെ കായികപ്രേമികളോടും കുട്ടികളോടുമുള്ള വെല്ലുവിളിയാണെന്നും സമരക്കാർ പറഞ്ഞു.
തീരുമാനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എഐവൈഎഫ് കുന്നത്തുനാട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്
പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവിയർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു കുന്നത്തുനാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രണവ് പ്രഭാകരൻ സ്വാഗതം പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി കെ. പി. ഏലിയാസ്, അസിസ്റ്റന്റ് സെക്രട്ടറി പി. കെ. മധു, ജില്ലാ കമ്മിറ്റി അംഗം കിഷിത ജോർജ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി. ആർ. വിശപ്പൻ, ബിനു ബാലൻ, ലോക്കൽ സെക്രട്ടറി ജേക്കബ് വർഗീസ്, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം എ. ആർ. രാജീവ്, മണ്ഡലം വൈസ് പ്രസിഡന്റ് വിപിൻ തിരുവണിയൂർ, ജോയിന്റ് സെക്രട്ടറി റോബിൻ പീറ്റർ, പുത്തൻകുരിശ് മേഖല സെക്രട്ടറി സുരേഷ്, പ്രസിഡന്റ് രാഹുൽരാജ്, ബ്ലോക്ക് മെമ്പർ സി. എം. ജോയ്, കെ. എ. അലിയാർ, കെ. എ. രാഘവൻ, വാർഡ് മെമ്പർ ആരുണ്യ മേരി ജോൺ തുടങ്ങിയവർ സംസാരിച്ചു.
മണ്ഡലം സ്പോർട്സ് കൺവീനർ ജെമിത്ത് എം. ടി. നന്ദി രേഖപ്പെടുത്തി.


0 Comments