കൊച്ചി: ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, എസ്ഐആർ നിർത്തിവയ്ക്കുക, ജനാധിപത്യം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി ഡൽഹി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ ജില്ലാ കമ്മിറ്റി ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ എൻ. എസ്. മാധവൻ ഉദ്ഘാടനം ചെയ്തു.

ഭരണഘടനയ്ക്ക് വിരുദ്ധമായി അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് മോദി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ കാണുന്നത്. നാളിതുവരെ ഒരു ഭരണാധികാരിയും ചെയ്യാത്ത കൊടുംക്രൂരതയാണ് പൗരന്മാരുടെ വോട്ടവകാശം നിഷേധിച്ചതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ തോൽപ്പിച്ചതും ഈ വോട്ടവകാശത്തിലൂടെയാണ്. അതിന് സാധ്യമായത് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നതിന്റെ പവിത്രത ഒന്നുകൊണ്ടു മാത്രമാണ്. എന്നാൽ മോദി സർക്കാർ അതിന്റെ പവിത്രത നഷ്ടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്നുള്ള ബിജെപി സർക്കാരിന്റെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ഇനിയും ശക്തമായ പ്രക്ഷോഭം വളർന്നുവരുമെന്നും എൻ. എസ്. മാധവൻ പറഞ്ഞു.
എറണാകുളം വഞ്ചി സ്ക്വയറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. എം. ദിനകരൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ സ്വാഗതം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, സംവിധായകൻ സലാം ബാപ്പു, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഇ. കെ. ശിവൻ, കെ. എൻ. സുഗതൻ, ശാരദ മോഹൻ, ടി. രഘുവരൻ, പി. കെ. രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം. എം. ജോർജ്ജ്, എഐടിയുസി ജില്ലാ സെക്രട്ടറി കെ. എൻ. ഗോപി, മഹിളാ സംഘം ജില്ലാ സെക്രട്ടറി താര ദിലീപ് എന്നിവർ പ്രസംഗിച്ചു. എറണാകുളം മണ്ഡലം സെക്രട്ടറി സി. എ. ഷക്കീർ നന്ദി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിവിധ ബഹുജന സംഘടനകളുടെയും പ്രവർത്തകർ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ സംഘടിച്ച് പ്രകടനങ്ങളായിട്ടാണ് ഹൈക്കോർട്ട് ജംഗ്ഷനിൽ എത്തിച്ചേർന്നത്.


0 Comments