കൊച്ചി: ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സിപിഐ എറണാകുളം ജില്ലാ കൗൺസിൽ എറണാകുളം നഗരത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമത്തിൽ ഏറെ ശ്രദ്ധേയമായത് സിപിഐയുടെ സാംസ്കാരിക ബ്രാഞ്ച് തയ്യാറാക്കിയ പ്രതീകാത്മക പ്ലോട്ട് ആയിരുന്നു.

കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച് ജയിലറയ്ക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ‘ഇന്ത്യൻ ജനാധിപത്യത്തെ’ ആണ് പ്ലോട്ടിലൂടെ അവതരിപ്പിച്ചത്.
നാടക-സിനിമ കലാസംവിധായകനായ ആർ.എൽ.വി. അജയ് ആണ് പ്ലോട്ട് രൂപകല്പന ചെയ്തത്. പ്രതീകാത്മകമായി ഇന്ത്യൻ ജനാധിപത്യത്തെ അവതരിപ്പിച്ചത് വിജയകുമാർ ആണ്.
മുഴുവൻ സമയ കലാ-സാഹിത്യ-മാധ്യമ പ്രവർത്തനം നടത്തുന്ന എറണാകുളം ജില്ലയിലെ പാർട്ടി അംഗങ്ങളായ കമ്മ്യൂണിസ്റ്റുകാരുടെ ബ്രാഞ്ചാണ് സാംസ്കാരിക ബ്രാഞ്ച്. സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കൂടിയായ കൈതാരം വിനോദ് കുമാർ ആണ് ബ്രാഞ്ചിന്റെ സെക്രട്ടറി.


0 Comments