ജയപാലകൃഷ്ണന്റെ കുടുംബത്തിന് ജീവിത സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)യുടെ നേതൃത്വത്തിൽ ഐ.ജി ഓഫീസ് മാർച്ച് നടത്തി.
സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജയപാലകൃഷ്ണന്റെ നിരാലംബരായ കുടുംബത്തിന്റെ ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി മക്കളിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും, പഴുതടച്ച അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി ഉറപ്പുവരുത്തണമെന്നും എൻ. അരുൺ ആവശ്യപ്പെട്ടു.
പൊലീസുകാരെ സസ്പെൻഡ് ചെയ്തു എന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെന്നും മറ്റു പല കേസുകളിലും കണ്ടതുപോലെ കുറ്റം ചെയ്ത ഉദ്യോഗസ്ഥർ എളുപ്പത്തിൽ തിരിച്ചുവരുന്ന സാഹചര്യമുണ്ടാകരുതെന്നും അരുൺ ആവശ്യപ്പെട്ടു.
കുറ്റക്കാരനായ മകനെ സംരക്ഷിക്കുവാൻ അധികാര ദുർവിനിയോഗം നടത്തിയ ജഡ്ജിയെ തലസ്ഥാനത്തുനിന്ന് നീക്കം ചെയ്യുവാൻ സർക്കാർ ഇടപെടണം.
ഇതിനായി ജയപാലകൃഷ്ണന്റെ കുടുംബം നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കുമെന്നും അരുൺ അറിയിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നതിനു ശേഷം കുറ്റകൃത്യങ്ങൾ കൂടുവാനുള്ള മുഖ്യകാരണം അധികാരത്തിന്റെ പിൻബലത്തിൽ എന്തും ചെയ്യാം എന്ന ധാർഷ്ട്യം പലർക്കും ഉണ്ടായതുകൊണ്ടാണെന്നും അരുൺ പറഞ്ഞു.
യൂണിയൻ ജില്ലാ പ്രസിഡന്റ് പി. വി. പ്രകാശൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി കെ. എൻ. ഗോപി, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. എ. ജിറാർ, ജില്ലാ സെക്രട്ടറി ടി. എ. അഷറഫ് തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments