
എറണാകുളം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനുനേരെയുണ്ടായ പൊലീസ് നടപടിയിലും ഇടതുപക്ഷ നേതാക്കളുടെയും പ്രവർത്തകരുടെയും അറസ്റ്റിലും പ്രതിഷേധിച്ച് സിപിഐയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ജന്തർ മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു, കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ള ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെയായിരുന്നു പ്രതിഷേധം.

ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ പൊലീസ് നടപടിയിലൂടെ അടിച്ചമർത്തുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ സിപിഐയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തിനുനേരെയുള്ള കടന്നാക്രമണമാണ് ഡൽഹിയിൽ നടന്നതെന്ന് സിപിഐ കുറ്റപ്പെടുത്തി.
എറണാകുളം നഗരത്തിൽ നടന്ന പ്രതിഷേധ മാർച്ച് സിപിഐ ജില്ലാ സെക്രട്ടറി എൻ. അരുൺ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും ഡൽഹിയിലെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രവർത്തകർ മുദ്രാവാക്യങ്ങൾ ഉയർത്തി.
പി.കെ. രാജേഷ്, സന്തോഷ് ബാബു, താര ദിലീപ്, ടി.സി. സൻജിത്, പി.എ. ജിറാർ, പി.കെ. സുധീർ, ടി.യു. രതീഷ്, കെ.ആർ. റെനീഷ്, ഗോവിന്ദ് എസ്. കുന്നുംപുറം, ടി.എ. അഷറഫ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

0 Comments