മട്ടാഞ്ചേരി: മുണ്ടംവേലിയിലെ പി ആൻഡ് ടി കോളനി ഫ്ലാറ്റ് നിവാസികളെ അടിയന്തരമായി മാറ്റിപ്പാർപ്പിച്ച് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സിപിഐ പ്രതിനിധി സംഘം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച് താമസക്കാരുടെ പരാതികൾ കേട്ടു. സമരസമിതിക്ക് സംഘം ഐക്യദാർഢ്യവും അറിയിച്ചു.
ഫ്ലാറ്റിലെ താമസസാഹചര്യം അതീവ മോശമാണെന്ന് സന്ദർശനത്തിൽ ബോധ്യപ്പെട്ടതായി അരുൺ പറഞ്ഞു. ഈ അവസ്ഥയ്ക്ക് ഇടയാക്കിയതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷിക്കണമെന്നും പിഴ ഈടാക്കി ദുരിതബാധിതർക്ക് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിർമാണഘട്ടത്തിൽ തന്നെ അപാകതകൾ സിപിഐ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് അരുൺ പറഞ്ഞു. ഫ്ലാറ്റ് നിവാസികൾക്കൊപ്പം പാർട്ടി നിലകൊള്ളും. അവരുടെ ആവശ്യങ്ങൾക്കായി പ്രത്യക്ഷ സമരവും നിയമപോരാട്ടവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്ലാറ്റ് നിവാസികളെക്കുറിച്ചുള്ള മുൻ എംഎൽഎ കെ.ജെ. മാക്സിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, അത് അനുചിതമായിരുന്നുവെന്നും സിപിഎം തന്നെ തള്ളിയിട്ടുണ്ടെന്നും അരുൺ പ്രതികരിച്ചു. നിവാസികളുടെ പ്രശ്നത്തെ കക്ഷിരാഷ്ട്രീയത്തിന്റെയോ ഭരണ–പ്രതിപക്ഷ തർക്കത്തിന്റെയോ വിഷയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.എൻ. സുഗതൻ, ടി. രഘുവരൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.എം. ജോർജ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.കെ. സന്തോഷ് ബാബു, മണ്ഡലം സെക്രട്ടറി എം.കെ. അബ്ദുൾ ജലീൽ, എലിസബത്ത് അസീസി, മുഹമ്മദ് അബ്ബാസ്, കെ.ബി. സലാം, കെ.എക്സ്. ജോസഫ്, സുരഭി ഷാജി, എം.എച്ച്.എം. അഷറഫ്, സി.വി. അശോകൻ, തോമസ് കൊറശേരി, പി.എച്ച്. അനില എന്നിവരും സംഘത്തിലുണ്ടായിരുന്നു. സിപിഐയുടെ നിലപാടിനെ പി ആൻഡ് ടി അപ്പാർട്ട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഭിലാഷ് പരമേശ്വരൻ സ്വാഗതം ചെയ്തു.


0 Comments