കൊച്ചി: നഗരത്തിലെ രാത്രികാല തട്ടുകടകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ വേണമെന്ന് ആവശ്യം. ചില കടകളിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന രീതിയിലും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തിലും വീഴ്ചകളുള്ളതായി കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
14 നിയമസഭാ മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി ഒരു വാഹനം മാത്രമാണുള്ളതെന്നാണ് റിപ്പോർട്ട്. വാഹനസൗകര്യത്തിലെ കുറവ് പരിശോധനയെ ബാധിക്കുന്നു. തട്ടുകടകൾ പ്രധാനമായും രാത്രിയിൽ പ്രവർത്തിക്കുന്നതും കൃത്യമായ ഇടവേളകളിലുള്ള പരിശോധനയ്ക്ക് തടസ്സമാകുന്നു.
പാചകം ചെയ്യുന്നവരുടെയും ഭക്ഷണം വിളമ്പുന്നവരുടെയും വ്യക്തിശുചിത്വം, പാത്രങ്ങൾ കഴുകുന്ന വെള്ളം, ഭക്ഷണം സൂക്ഷിക്കുന്ന സാഹചര്യം എന്നിവയിലാണ് കൂടുതൽ ശ്രദ്ധ വേണ്ടത്. ചില കടകൾ മാലിന്യം നിറഞ്ഞ ഓടകൾക്ക് സമീപം പ്രവർത്തിക്കുന്നതായും ഭക്ഷണത്തിൽ റോഡിലെ പൊടിപടലങ്ങൾ കലരുന്ന സാഹചര്യമുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
കുറഞ്ഞ ചെലവിൽ രാത്രിയിലും ഭക്ഷണം ലഭിക്കുന്നതിനാൽ തൊഴിലാളികളും ദീർഘദൂര യാത്രക്കാരും നഗരവാസികളും തട്ടുകടകളെ ആശ്രയിക്കുന്നുണ്ട്. സാധാരണക്കാരുടെ ഭക്ഷണാവശ്യങ്ങൾ നിറവേറ്റുന്ന ഇത്തരം ഇടങ്ങളിലെ ശുചിത്വത്തിൽ അധികാരികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ എം.എൻ. ഗിരി ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ തട്ടുകടകളെയും ഒരേ രീതിയിൽ വിലയിരുത്താനാകില്ലെന്ന് പൊതുപ്രവർത്തകൻ ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. ചില കടകളിൽ വീഴ്ചകളുണ്ടെങ്കിലും നല്ല നിലവാരം പുലർത്തുന്നവയും ഏറെയുണ്ട്. ശുചിത്വവും ഭക്ഷണത്തിന്റെ ഗുണനിലവാരവും പരിഗണിച്ച് കടകൾ തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


0 Comments