സംസ്ഥാന സ്കൂൾ കായികമേള യുഡിഎഫ് സർക്കാർ അട്ടിമറിച്ചതായി സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും പാർട്ടി പാർലമെന്ററി പാർട്ടി ലീഡറുമായ കെ. രാജൻ എംഎൽഎ ആരോപിച്ചു. മുൻ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ഒളിമ്പിക്സ് മാതൃക ബോധപൂർവം തകർത്തതായും മുൻ റവന്യൂ മന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.നീന്തൽ മത്സരവേദിയിലെ പന്തൽ വീണ സംഭവത്തിലും സർക്കാരിനെതിരെ കെ. രാജൻ രൂക്ഷവിമർശനം ഉന്നയിച്ചു.
സംസ്ഥാന കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കായികമേള മുൻകാലങ്ങളിൽ മാതൃകാപരമായാണ് സംഘടിപ്പിച്ചിരുന്നതെന്ന് കെ. രാജൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് ഇടപെട്ടാണ് മേളയുടെ സംഘാടനം നടത്തിയിരുന്നത്. എന്നാൽ നിലവിലെ കായികമന്ത്രി തനിക്ക് ഇതിലൊന്നും ഉത്തരവാദിത്വമില്ലെന്ന നിലയിൽ ധിക്കാരപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.തന്റെ വകുപ്പിന് കീഴിലല്ല മത്സരങ്ങൾ നടന്നതെന്ന് പറഞ്ഞ് ഉത്തരവാദിത്വത്തിൽ നിന്ന് കൈയൊഴിയാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് കെ. രാജൻ പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള മന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ വകുപ്പിന്റെയും കായിക വകുപ്പിന്റെയും പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയിൽ മന്ത്രിക്ക് ഉത്തരവാദിത്വമില്ലെന്ന് പറയുന്നത് നിരുത്തരവാദപരമാണെന്നും കെ. രാജൻ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.

0 Comments