കൊച്ചി: എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പ്രത്യേക ടിക്കറ്റ് പരിശോധനയിൽ മൂന്നുമണിക്കൂറിനിടെ 289 ടിക്കറ്റില്ലാ, ക്രമരഹിത യാത്രാ കേസുകൾ കണ്ടെത്തി. യാത്രക്കാരിൽ നിന്നായി ആകെ 1,75,489 രൂപ പിഴ ഈടാക്കി.
തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ ടിക്കറ്റ് ചെക്കിങ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് നാലുമുതൽ ഏഴുവരെയായിരുന്നു ‘ഫോർട്രസ് ചെക്ക്’ എന്ന പേരിലുള്ള പ്രത്യേക പരിശോധന.
ടിക്കറ്റില്ലാതെയും മതിയായ യാത്രാരേഖകളില്ലാതെയും യാത്ര ചെയ്തവരെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് റെയിൽവേ അധികൃതർ ഓർമിപ്പിച്ചു.
ടിക്കറ്റ് ബുക്കിങ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി യാത്രക്കാർക്ക് റെയിൽവേയുടെ RailOne മൊബൈൽ ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.
ഇതിന് മുമ്പ് സെപ്റ്റംബർ 21 മുതൽ 22 വരെ തിരുവനന്തപുരം ഡിവിഷനിൽ നടത്തിയ 16 മണിക്കൂർ നീണ്ട പരിശോധനയിൽ 678 കേസുകൾ കണ്ടെത്തിയിരുന്നു. ഈ പരിശോധനയിൽ ആകെ 5,08,005 രൂപ പിഴ ഈടാക്കി.
ഇതിൽ എറണാകുളം മേഖലയിൽ 285 കേസുകളും തിരുവനന്തപുരം മേഖലയിൽ 225 കേസുകളും കൊല്ലത്ത് 138 കേസുകളും നാഗർകോവിലിൽ 30 കേസുകളുമാണ് കണ്ടെത്തിയത്.
ടിക്കറ്റില്ലാ യാത്ര തടയുന്നതിനും റെയിൽവേയുടെ വരുമാനനഷ്ടം കുറയ്ക്കുന്നതിനുമായി ഇത്തരം പ്രത്യേക പരിശോധനകൾ തുടരുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.


0 Comments