കൊച്ചി: ഐക്യരാഷ്ട്രസഭയുടെ അക്കാദമിക് ശൃംഖലയായ യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റിയുടെ കാംപസ് കൊച്ചിയിൽ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. കുസാറ്റ് കേന്ദ്രീകരിച്ച് കാംപസ് ആരംഭിക്കുന്നതിനുള്ള നിർദേശമാണ് നിലവിൽ പരിഗണനയിലുള്ളത്.
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കംപാരറ്റീവ് റീജിയണൽ ഇന്റഗ്രേഷൻ സ്റ്റഡീസുമായി (UNU-CRIS) കേരളം നടത്തുന്ന ചർച്ചകൾ പുരോഗമിച്ച ഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) പ്രധാന കേന്ദ്രമാക്കുന്നതിനൊപ്പം നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്), തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (സിഡിഎസ്) എന്നിവയെയും പദ്ധതിയുമായി ബന്ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്.
പബ്ലിക് പോളിസി, അന്താരാഷ്ട്ര വ്യാപാരം, പ്രാദേശിക ഏകീകരണം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങളാണ് നിർദിഷ്ട കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യഘട്ടത്തിൽ അന്താരാഷ്ട്ര വ്യാപാര ഭരണവുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നതിനുള്ള സാധ്യതയും ചർച്ചകളിലുണ്ട്. തുടർന്ന് അക്കാദമിക്, ഗവേഷണ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ആലോചന.
എന്നാൽ കൊച്ചിയിൽ യുഎൻ യൂണിവേഴ്സിറ്റി കാംപസ് സ്ഥാപിക്കുന്ന കാര്യത്തിൽ അന്തിമ അനുമതി ലഭിച്ചിട്ടില്ല. ആവശ്യമായ സർക്കാർതല നടപടികളും മറ്റ് ഔദ്യോഗിക അനുമതികളും പൂർത്തിയാകേണ്ടതുണ്ട്.
പൂർണതോതിലുള്ള കാംപസ് യാഥാർഥ്യമാകാൻ മൂന്ന് മുതൽ നാല് വർഷം വരെ വേണ്ടിവന്നേക്കാമെന്നാണ് നിലവിലെ വിലയിരുത്തൽ.


0 Comments