കോലഞ്ചേരി: പുത്തൻകുരിശിൽ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ച കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം നാഗോൺ സ്വദേശി നൂർ അമീൻ (26), പശ്ചിമ ബംഗാൾ ഗോപാൽനഗർ സ്വദേശി ബിജയ് സർക്കാർ (22) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 23ന് പുലർച്ചെയാണ് സംഭവം. ഇരുചക്രവാഹനത്തിലെത്തിയ പ്രതികൾ പുത്തൻകുരിശിലെ ദേശസാൽകൃത ബാങ്കിന്റെ എടിഎം കുത്തിത്തുറന്ന് പണം കവരാൻ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
മഴക്കോട്ടും ഹെൽമെറ്റും ധരിച്ചാണ് ഇരുവരും എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്. യന്ത്രം തകർത്ത് പണം പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇരുവരും സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
കവർച്ചാശ്രമത്തിനിടെ എടിഎം മെഷീന്റെ ഡിസ്പെൻസറി യൂണിറ്റിനും മറ്റ് ഭാഗങ്ങൾക്കും ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിന് പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് കരിമുകൾ ഭാഗത്തുനിന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും പൊലീസ് പിടിച്ചെടുത്തു.
ഡിവൈഎസ്പി ബാബുക്കുട്ടൻ, സർക്കിൾ ഇൻസ്പെക്ടർ പി.എം. എബി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.


0 Comments