തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങളിലും മലേഷ്യൻ എൻജിനീയറുടെ ആത്മഹത്യാക്കുറിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും വിജിലൻസ് അന്വേഷണം പുതിയ ഘട്ടത്തിലേക്ക്. വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. കേരളത്തിൽ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന കാലയളവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പരിശോധിക്കുന്നത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ ഭാഗമായി എം.സി. റോഡ് നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഇൻഡോ-മലേഷ്യൻ കൺസോർഷ്യമായ പാറ്റി-ബെല്ലിന്റെ ചീഫ് പ്രോജക്ട് മാനേജറായിരുന്ന മലേഷ്യൻ പൗരൻ ലീ സീ ബീനിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. മുതിർന്ന ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് സമ്മർദം ചെലുത്തിയതായി അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപണമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ കുറിപ്പ് കണ്ടെത്താനുള്ള ശ്രമവും വിജിലൻസ് നടത്തുന്നുണ്ട്.
ഗ്യാനേഷ് കുമാറിനെതിരെ 2007ൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നെങ്കിലും ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ആ അന്വേഷണവുമായി ബന്ധപ്പെട്ട പഴയ ഫയലുകൾ ഇപ്പോൾ വീണ്ടെടുത്ത് പരിശോധിച്ചിട്ടുണ്ട്.
മുൻ അന്വേഷണത്തിൽ ആരോപണങ്ങളിലെ ഏതെങ്കിലും നിർണായക വശങ്ങൾ പരിശോധിക്കാതെ പോയിട്ടുണ്ടോ, അന്വേഷണം അവസാനിപ്പിച്ചതിന് പിന്നിൽ ബാഹ്യ സമ്മർദം ഉണ്ടായിരുന്നോ, പഴയ ആരോപണങ്ങൾക്ക് ഇപ്പോഴും വസ്തുതാപരമായ അടിത്തറയുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പരിശോധിക്കുന്നത്.
അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിവുകൾ ലഭിച്ചാൽ സർക്കാരിന്റെ അനുമതിയോടെ കേസ് രജിസ്റ്റർ ചെയ്യുന്നതും പരിഗണനയിലുണ്ട്. ഗ്യാനേഷ് കുമാറിനെതിരെ കുറ്റപത്രം സമർപ്പിക്കുന്ന ഘട്ടത്തിലെത്തിയാൽ രാഷ്ട്രപതിയുടെ അനുമതി ആവശ്യമായി വരുമെന്നും റിപ്പോർട്ടുണ്ട്.
രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള രേഖകൾ വീണ്ടും അന്വേഷണ പരിധിയിലെത്തിയതോടെ വിഷയം രാഷ്ട്രീയമായും ഭരണപരമായും ശ്രദ്ധ നേടുകയാണ്. അതേസമയം ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ അന്വേഷണവിധേയമാണെന്നും അവ തെളിയിക്കപ്പെട്ട കുറ്റങ്ങളായി കണക്കാക്കാനാവില്ലെന്നും ശ്രദ്ധേയമാണ്.


0 Comments