‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ വഴി വീണ്ടും ശ്രദ്ധ നേടിയ ‘യവനകഥയിൽ നിന്നു വന്ന ഇടയകന്യകേ’ ആദ്യം ഒരുക്കിയത് വെള്ളിത്തിരയിലെത്താത്ത ‘അന്ന’യ്ക്കുവേണ്ടിയായിരുന്നു. ആ പാട്ടിന്റെ തിരിച്ചുവരവിനു പിന്നാലെ സിനിമയ്ക്കും പുതിയ തുടക്കമൊരുങ്ങുന്നു. ‘അന്ന’യുടെ നിർമാണാവകാശം സ്വന്തമാക്കിയതായി ‘പുലിമുരുകൻ’ നിർമാതാവ് ടോമിച്ചൻ മുളകുപാടം ഒക്ടോബർ 7ന് അറിയിച്ചു.
എൻ. മോഹനന്റെ കഥയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘അന്ന’. ആദ്യഘട്ടത്തിൽ അരവിന്ദ് സ്വാമിയെയും ശ്രീദേവിയെയുമായിരുന്നു പ്രധാന വേഷങ്ങളിലേക്ക് പരിഗണിച്ചത്. താരങ്ങളുടെ തീയതി ഒത്തുവരാത്തതടക്കമുള്ള കാരണങ്ങളാൽ പദ്ധതി മുന്നോട്ടുപോയില്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സിനിമയ്ക്കായി ഒരുക്കിയ പാട്ടുകൾ പുറത്തിറങ്ങി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയ ‘യവനകഥയിൽ’ ആലപിച്ചത് കെ.ജെ. യേശുദാസും കെ.എസ്. ചിത്രയും ചേർന്നാണ്.
പഴയ കഥയും അതിനോടൊപ്പമുള്ള ഓർമകളും പുതിയ രചയിതാക്കളിലൂടെ പുതുതലമുറയിലെത്തിക്കാനാണ് നിർമാണാവകാശം ഏറ്റെടുത്തതെന്ന് ടോമിച്ചൻ വ്യക്തമാക്കി. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെയാകും ചിത്രം അവതരിപ്പിക്കുക. മുളകുപാടം ഫിലിംസിലൂടെ ഒരുങ്ങുന്ന പുതിയ ‘അന്ന’യുടെ സംവിധായകനെയും അഭിനേതാക്കളെയും പിന്നീട് അറിയിക്കുമെന്നാണ് നിർമാതാവിന്റെ പ്രഖ്യാപനം.


0 Comments