കൊച്ചി: മറൈൻഡ്രൈവ് വോക്ക്വേയിലെ പൊതുശൗചാലയത്തിൽ യുവാവിനെ മർദിച്ചെന്ന പരാതിയിൽ രണ്ടുപേരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ പാതാളം കൊടിയിൽ വീട്ടിൽ അജിത്ത് (45), വരാപ്പുഴ മഠത്തിൽപ്പറമ്പിൽ വീട്ടിൽ എം.എം. റോബിൻ (59) എന്നിവരാണ് അറസ്റ്റിലായത്.
കുന്നത്തുനാട് എഴിപ്പുറം സ്വദേശിയായ 38കാരനാണ് മർദനമേറ്റത്. ശൗചാലയം ഉപയോഗിക്കുന്നതിനുള്ള 10 രൂപ ഫീസ് നൽകാൻ ചില്ലറയില്ലാത്തതാണ് തർക്കത്തിന് കാരണമായത്. കൈവശം 500 രൂപയുടെ നോട്ട് മാത്രമാണുണ്ടായിരുന്നത്. ഗൂഗിൾ പേ വഴി പണം നൽകാമെന്ന് പറഞ്ഞെങ്കിലും ജീവനക്കാരൻ സമ്മതിച്ചില്ലെന്നാണ് പരാതി.
ചില്ലറ ലഭിക്കാതെ യുവാവ് ശൗചാലയത്തിൽ കയറി. പുറത്തിറങ്ങിയപ്പോൾ ജീവനക്കാരനും കൂട്ടാളികളും ഉൾപ്പെട്ട നാലംഗ സംഘം മുഖത്തും തലയിലും അടിക്കുകയും കഴുത്തിൽ പിടിച്ച് ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവം കണ്ടവർ അറിയിച്ചതിനെത്തുടർന്ന് എസ്.ഐ. അനസ് എസ്. തൗഫീക്കിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. മർദനമേറ്റ യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയശേഷം പൊലീസിന് മൊഴി നൽകി.
ശൗചാലയത്തിന്റെ നിലവിലുള്ള നടത്തിപ്പുകരാർ റദ്ദാക്കി മറ്റൊരാൾക്ക് നൽകാൻ ആവശ്യപ്പെട്ട് കൊച്ചി കോർപ്പറേഷന് കത്ത് നൽകുമെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. ശൗചാലയത്തിൽ ഗൂഗിൾ പേ സംവിധാനം ഏർപ്പെടുത്താനും ആവശ്യപ്പെടും.


0 Comments