മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി അറഫ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് കെ എസ് യു , എസ്എഫ്ഐ സംഘടനകളുടെ നേതൃത്വത്തിൽ അട്ടിമറിക്കുവാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്.
പല മാനേജ്മെന്റ്കളും വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങളെ അവഗണിക്കുകയും വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിദ്യാർത്ഥി സംഘടനകൾ ശക്തമായ സമരത്തിലാണ്. ഈ സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ അറഫ കോളേജിൽ തീരുമാനിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് ഇല്ലാതാക്കാനാണ് എസ്എഫ്ഐയും കെഎസ്യുവും ശ്രമിക്കുന്നത്.
എ ഐ എസ് എഫ് മുഴുവൻ സീറ്റുകളിലേക്കും ഏകപക്ഷീയമായി വിജയിക്കും എന്ന ഉറപ്പുള്ളതുകൊണ്ട് ഇതിൽ വിറളി പൂണ്ട് ആണ് ക്യാമ്പസിന് പുറത്തുനിന്നുള്ള ഗുണ്ടകളെ ഉൾപ്പെടെ ഉപയോഗിച്ച് എ ഐ എസ് എഫ് പ്രവർത്തകരുടെ നോമിനേഷൻ തടയുന്ന സാഹചര്യമുണ്ടായത്.
ഇവരുടെ ഭീഷണിക്ക് കോളേജ് മാനേജ്മെന്റ് വഴങ്ങരുതെന്നും തീരുമാനിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നും എ എസ് എഫ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു .വിഷയത്തിൽ നിയമപരമായും സംഘടനാപരമായും നടപടികൾ സ്വീകരിക്കുമെന്നും എഐഎസ്എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ബേസിൽ ബാബു സെക്രട്ടറി നന്ദന കെ എസ് എന്നിവർ അറിയിച്ചു.

