മൂവാറ്റുപുഴ: മൂവാറ്റുപുഴ വാഴപ്പള്ളി സ്വദേശിയായ എൻ. രാജേഷ് ഐ.എഫ്.എസ് വനം വകുപ്പിലെ കൺസർവേറ്റർ ചുമതലയിലേക്ക് നിയമിതനായി.
ജില്ലാ ഫോറസ്റ്റ് ഓഫീസറായി ദീർഘകാലത്തെ സേവനത്തിന് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ച് ഫോറസ്റ്റ് കൺസർവേറ്റർ ചുമതലയിലെത്തുന്നത്. ഇടുക്കി, കോട്ടയം, പീച്ചി, നെന്മാറ, വാഴച്ചാൽ, റാന്നി തുടങ്ങിയ മേഖലകളിൽ ഡി.എഫ്.ഒ ആയി ചുമതല അനുഷ്ഠിച്ച എൻ. രാജേഷ് ഐ.എഫ്.എസ് 2000ലാണ് കേരള സംസ്ഥാന വനം വകുപ്പിൽ എത്തുന്നത്.
വനം, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ തൽപരനായ അദ്ദേഹം മികച്ച കരിയർ ഗ്രാഫുള്ള ഉദ്യോഗസ്ഥനാണ്. കാടും വനവിഭവങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി കാർക്കശ്യത്തോടെ നിലപാടുകൾ സ്വീകരിക്കുന്നതിനൊപ്പം നിരവധി ബോധവൽക്കരണ ക്യാമ്പയിനുകൾക്കും നേതൃത്വം നൽകിവരുന്നു.
കേരള സംസ്ഥാന ഉത്തരമേഖലയുടെ ചുമതലയുള്ള കൺസർവേറ്ററായാണ് നിയമിതനായിരിക്കുന്നത്.
മൂവാറ്റുപുഴയിലെ കലാ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കെ.എസ്. നളിനാക്ഷൻ നായരുടെ മകനാണ് എൻ. രാജേഷ്. ഭാര്യ ആശ രാജേഷ് കൃഷിവകുപ്പിൽ ജോയിന്റ് ഡയറക്ടറാണ്.

0 Comments