തൃശൂർ: സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പാക്കിയതിനെ തുടർന്ന് സ്വകാര്യ ബസ് മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസുടമകൾ പ്രക്ഷോഭം ശക്തമാക്കുന്നു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഒക്ടോബർ 14ന് സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തും.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നാണ് ഫെഡറേഷന്റെ പരാതി. ഡീസൽ ചെലവും ജീവനക്കാരുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന പ്രവർത്തനച്ചെലവുകൾ കണ്ടെത്താൻ പോലും പല സർവീസുകളും ബുദ്ധിമുട്ടുകയാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രധാന ആവശ്യം. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവുകൾ കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് ചാർജുകൾ പരിഷ്കരിക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെടുന്നു.
ടൈമിങ് കോൺഫറൻസുകൾ ഓൺലൈനായി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.
ഒക്ടോബർ 14ലെ പ്രതിഷേധത്തിനുശേഷവും സർക്കാർ അനുകൂല തീരുമാനമെടുക്കാത്ത പക്ഷം സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. ഒക്ടോബർ അവസാനവാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും.
അതിനു ശേഷവും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ മറ്റ് സംഘടനകളുമായി കൂടിയാലോചിച്ച് നവംബർ ആദ്യവാരം മുതൽ സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെച്ചുള്ള സമരത്തിലേക്ക് നീങ്ങുമെന്നും ഫെഡറേഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരുള്ള സാഹചര്യത്തിൽ സമരം സംസ്ഥാനതലത്തിലേക്ക് വ്യാപിച്ചാൽ പൊതുഗതാഗത മേഖലയിലും വലിയ പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒക്ടോബർ 14ലെ പ്രതിഷേധത്തിന് മുമ്പ് സർക്കാർ ചർച്ചയ്ക്ക് തയ്യാറാകുമോ എന്നതാണ് ഇനി നിർണായകം.

0 Comments