പറവൂർ: സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജനകീയ നേതാവായിരുന്ന സിപിഐ നേതാവ് പി.എൻ. സന്തോഷിന് ഈറനണിഞ്ഞ കണ്ണുകളോടെ നാട് വിടചൊല്ലി. ലാൽസലാം മുദ്രാവാക്യങ്ങൾ മുഴക്കി നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും പ്രിയ സഖാവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
“ഇല്ല, ഇല്ല, മരിക്കില്ല; സഖാവ് സന്തോഷ് മരിക്കില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന മുദ്രാവാക്യം സഖാക്കൾ മുഴക്കിയപ്പോൾ നിറകണ്ണുകളോടെ നൂറുകണക്കിന് ആളുകൾ അത് ഏറ്റുവിളിച്ചു.
തുടർന്ന് പി.എൻ. സന്തോഷിന്റെ വേർപാടിൽ അനുശോചിച്ച് തത്തപ്പിള്ളിയിൽ സിപിഐ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം ചേർന്നു. സിപിഐ ജില്ലാ കൗൺസിൽ അംഗം കെ.ബി. അറുമുഖൻ അധ്യക്ഷത വഹിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എം. ദിനകരൻ, ജില്ലാ സെക്രട്ടറി എൻ. അരുൺ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്. ശ്രീകുമാരി, പറവൂർ മണ്ഡലം സെക്രട്ടറി പി.എ. ഇസ്മായിൽ, സിപിഐ(എം) ഏരിയ കമ്മിറ്റി അംഗം എം. അംബ്രോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡെന്നി തോമസ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമാൽ, പി.എസ്. ശശി, തൊഴിലാളി വിവിധോദ്ദേശ സംഘം പ്രസിഡന്റ് എ.എസ്. അനിൽകുമാർ, കർഷക തൊഴിലാളി ഫെഡറേഷൻ നേതാവ് പി.കെ. കൃഷ്ണൻ, എ.ജി. മുരളി, കുമ്പളം രാജപ്പൻ, കെ.കെ. സുബ്രഹ്മണ്യൻ, എം.ആർ. ശോഭനൻ, കെ. രാജു, ശിവശങ്കരൻ, ഇ.കെ. ബിനീഷ്, എ.കെ. ശിവശങ്കരൻ എന്നിവർ അനുശോചിച്ചു.

0 Comments