കൊച്ചി: ഇരുപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം വീണ്ടും വേദിയാകുന്നു. 65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം 2027 ജനുവരി 4 മുതൽ 8 വരെ കൊച്ചിയിൽ നടക്കും. മറൈൻ ഡ്രൈവാണ് പ്രധാന വേദി.
ആകെ 27 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ 249 ഇനങ്ങളിൽ പതിനാലായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ 30നകവും ഉപജില്ലാ മത്സരങ്ങൾ ഒക്ടോബർ 30നകവും ജില്ലാതല മത്സരങ്ങൾ നവംബർ 30നകവും പൂർത്തിയാക്കും.
സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് 20 ഗ്രേസ് മാർക്കും ബി ഗ്രേഡിന് 15 മാർക്കും സി ഗ്രേഡിന് 10 മാർക്കും ലഭിക്കും.
കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കൊച്ചിയിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഇതിന് മുന്നോടിയായി കച്ചേരിപ്പടിയിലെ സെന്റ് ആന്റണീസ് സ്കൂളിൽ നിന്ന് ടൗൺഹാളിലേക്ക് വിദ്യാർഥികളെ പങ്കെടുപ്പിച്ച് വർണാഭമായ സാംസ്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചു.
65-ാമത് കലോത്സവത്തെ അടയാളപ്പെടുത്തി 65 പരമ്പരാഗത മുത്തുക്കുടകളും വിവിധ നാടൻ കലാരൂപങ്ങളും വാദ്യമേളങ്ങളും ഘോഷയാത്രയുടെ ഭാഗമായി.
രണ്ട് പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തെ സ്കൂൾ കലാപ്രതിഭകളുടെ ഏറ്റവും വലിയ വേദികളിലൊന്ന് വീണ്ടും എറണാകുളത്തേക്ക് എത്തുന്നതോടെ ജില്ലയും വിപുലമായ ഒരുക്കങ്ങളിലേക്കാണ് കടക്കുന്നത്.


0 Comments