മൂവാറ്റുപുഴ: വെള്ളൂർക്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ഗോഡൗണിലെ ലിഫ്റ്റ് തകർന്നുവീണുണ്ടായ അപകടത്തിൽ 19 വയസ്സുകാരനായ ജീവനക്കാരൻ മരിച്ചു. അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അക്ഷയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിലെ ഗോഡൗണിലാണ് അപകടമുണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരനായ അക്ഷയ് സാധനങ്ങൾ എടുക്കുന്നതിനായി ഗോഡൗണിലെത്തിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് മറ്റൊരു ജീവനക്കാരൻ എത്തിയപ്പോഴാണ് അക്ഷയിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
അക്ഷയിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൂന്നാം നിലയിൽനിന്ന് ലിഫ്റ്റ് തകർന്നുവീഴുന്നതിനിടെ അക്ഷയ് തെറിച്ചുവീഴുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


0 Comments