ആലുവ: പെരുമ്പാവൂരിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന 36 ഗ്രാം ഹെറോയിനുമായി രണ്ട് അസം സ്വദേശികളെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്‌ലാം (30), നിജാമുദീൻ (24) എന്നിവരാണ് പിടിയിലായത്.
അസമിൽ നിന്ന് ട്രെയിൻ മാർഗം ആലുവയിലെത്തിയ ഇരുവരും ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് പോകുന്നതിനിടെ ചാലക്കലിൽ വെച്ചാണ് പൊലീസിന്റെ പിടിയിലായത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പൊലീസും സംയുക്തമായാണ് നടപടി സ്വീകരിച്ചത്.
പ്രതികളുടെ ബാഗിൽ മൂന്ന് സോപ്പുപെട്ടികളിലായി ഒളിപ്പിച്ച നിലയിലാണ് ഹെറോയിൻ കണ്ടെത്തിയത്. ഒരു പെട്ടി ഹെറോയിൻ 1.20 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതിയെന്നാണ് പൊലീസ് നൽകുന്ന വിവരം. ഹെറോയിൻ ചെറിയ കുപ്പികളിലാക്കി പെരുമ്പാവൂർ മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്താനായിരുന്നു നീക്കമെന്നും പൊലീസ് പറയുന്നു.
ലഹരിമരുന്ന് വിൽപ്പന നടത്തിയ ശേഷം അന്നുതന്നെ അസമിലേക്ക് മടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നും പൊലീസ് അറിയിച്ചു. ഇവരിൽ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ആലുവ ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നടപടി സ്വീകരിച്ചത്.

