കളമശ്ശേരി: മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം മരണമടഞ്ഞ മത്സ്യത്തൊഴിലാളി ഖലീലുൽ റഹ്മാന്റെ മരണം ചികിത്സാ പിഴവ് മൂലമല്ലെന്ന ആശുപത്രി അധികൃതരുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് എ.ഐ.വൈ.എഫ്.
വാഹനാപകടത്തെ തുടർന്ന് കാലിനേറ്റ പരുക്കിന് ചികിത്സയിലിരിക്കെ മരണപ്പെട്ട ഖലീലുൽ റഹ്മാന്റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ പുറത്തുവിട്ടിരിക്കുന്ന അന്വേഷണ റിപ്പോർട്ട് കുടുംബത്തെ അവഹേളിക്കുന്നതും ആശുപത്രിയിലെ സഹപ്രവർത്തകരെ സംരക്ഷിക്കുന്നതുമാണെന്നും ഇത്തരം അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും എ.ഐ.വൈ.എഫ് അറിയിച്ചു.
ഇത് അന്വേഷിക്കേണ്ടത് സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിലുള്ള സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ്. അല്ലാത്തപക്ഷം ഈ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ല. അടിയന്തരമായി അന്വേഷണ കമ്മീഷൻ രൂപീകരിക്കുകയും മരണപ്പെട്ടയാളുടെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്യണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളിൽ നടപടി ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അബ്ദുൾ സലിം, പ്രസിഡന്റ് നിയാസ് സലിം എന്നിവർ അറിയിച്ചു.

0 Comments