കളമശ്ശേരി: ക്ഷേത്രങ്ങളിൽ മോഷണവും മോഷണശ്രമവും ആവർത്തിച്ചതോടെ കളമശ്ശേരി–ഏലൂർ മേഖലയിൽ സുരക്ഷ ശക്തമാക്കി. ഒരു മാസത്തിനിടെ കൊച്ചി മേഖലയിലെ ആറ് ക്ഷേത്രങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 24ന് പുലർച്ചെ അലുപുരം കൂട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ശിവപ്രതിഷ്ഠയ്ക്ക് മുന്നിലുള്ള ഭണ്ഡാരം കുത്തിത്തുറക്കാൻ ശ്രമം നടന്നു. ആയുധങ്ങളടങ്ങിയ ബാഗുമായി ഒരാൾ എത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്ര കമ്മിറ്റി ഏലൂർ പൊലീസിൽ പരാതി നൽകി.
കുസാറ്റ് ക്യാമ്പസിന് സമീപത്തെ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽനിന്ന് വിളക്കുകളും കിണ്ടികളും മോഷണം പോയിരുന്നു. പാതിരക്കാട്ടുകാവ്, വട്ടേക്കുന്നം മുരുക ക്ഷേത്രം, ചുള്ളിക്കാവ് ക്ഷേത്രം, കൂനംതൈ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സുരക്ഷാ ജീവനക്കാരനെ നിയമിച്ചു. മുട്ടാർ ഭുവനേശ്വരി ക്ഷേത്രത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.


0 Comments