കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് പെരിയാറിന് കുറുകെ നിർമിക്കുന്ന പുതിയ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് പാലത്തിന്റെ നിർമാണം അവസാനഘട്ടത്തിൽ. ശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി ഒക്ടോബർ 15നകം പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു.
കേരളത്തിലെ ആദ്യ ബോ സ്ട്രിങ് സ്റ്റീൽ ആർച്ച് പാലമാണ് നേര്യമംഗലത്ത് പൂർത്തിയാകുന്നത്. 214 മീറ്റർ നീളവും 13 മീറ്റർ വീതിയുമുള്ള പാലത്തിന് അഞ്ച് സ്പാനുകളാണുള്ളത്. വാഹന ഗതാഗതത്തിനായി എട്ട് മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയും ഒരുക്കിയിട്ടുണ്ട്.
പാലത്തിലെ റോഡ് ടാറിങ് ആരംഭിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിന്റെയും നടപ്പാതയുടെയും ശേഷിക്കുന്ന പ്രവൃത്തികളും ഉടൻ പൂർത്തിയാക്കും.
നിലവിലുള്ള പഴയ ആർച്ച് പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച് 1935ൽ ഗതാഗതത്തിന് തുറന്ന പഴയ പാലം നിലനിർത്തിക്കൊണ്ടായിരിക്കും പുതിയ പാലം ഉപയോഗത്തിലേക്ക് കൊണ്ടുവരുന്നത്.
പുതിയ പാലം ഗതാഗതത്തിന് തുറക്കുന്നതോടെ നേര്യമംഗലത്തെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി-മൂന്നാർ പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും പുതിയ പാലം പ്രയോജനപ്പെടും.
നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി ഡീൻ കുര്യാക്കോസ് എം.പി. പാലം സന്ദർശിച്ചു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


0 Comments