പെരുമ്പാവൂർ: ജർമനി, അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിൽ ജോലി ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ കോഴിക്കോട് കൂരാച്ചുണ്ട് പുതുപ്പറമ്പിൽ ആൽബിൻ പി. ജയിംസ് (38)നെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു.
പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരിൽ നിന്ന് ജർമനി, അയർലൻഡ് എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാമെന്നും ജോലി, വിസ എന്നിവ ലഭ്യമാക്കാമെന്നും പറഞ്ഞ് പണം കൈപ്പറ്റിയെന്നാണ് കേസ്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതുമായി ബന്ധപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ ഏകദേശം 25 കേസുകളുണ്ടെന്നാണ് റിപ്പോർട്ട്.
കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ ഒളിവിൽ പോയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടിയത്.
പെരുമ്പാവൂർ എ.എസ്.പി. ഹർദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. പെരുമ്പാവൂർ എസ്.എച്ച്.ഒ. അക്ഷയ് കുമാർ, എസ്.ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ, എ.എസ്.ഐമാരായ എം.ബി. സുബൈർ, കെ.കെ. ശ്രീജ, സി.പി.ഒ. എം.എം. ഷഫീഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളുമായി ബന്ധപ്പെട്ട് കൂടുതൽ തട്ടിപ്പ് കേസുകളുണ്ടോയെന്നും സംഭവങ്ങളിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.


0 Comments