കൊച്ചി: കൊച്ചി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് മൂന്നര വർഷത്തിനിടെ യാത്രക്കാരുടെ എണ്ണം 77.70 ലക്ഷം കടന്നു. ഒക്ടോബർ 2 വരെയുള്ള കണക്കനുസരിച്ച് 77,70,326 പേരാണ് വാട്ടർ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തിയത്.2023 ഏപ്രിൽ 26ന് സർവീസ് ആരംഭിച്ച വാട്ടർ മെട്രോയിൽ 2023-24 സാമ്പത്തിക വർഷം 18,44,375 പേരും 2024-25ൽ 21,08,148 പേരും 2025-26ൽ 24,64,559 പേരും യാത്ര ചെയ്തു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒക്ടോബർ 2 വരെ 13,53,244 പേരാണ് യാത്ര ചെയ്തത്. ഒക്ടോബർ 2ന് മാത്രം 11,670 യാത്രക്കാരുണ്ടായിരുന്നു.പദ്ധതിയുടെ വിപുലീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കടമക്കുടി, പാലിയംതുരുത്ത് ടെർമിനലുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഇവിടങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകളുടെ നിർമാണം ഒരു മാസത്തിനകം പൂർത്തിയാക്കാനാണ് ലക്ഷ്യം.കൊച്ചിൻ ഷിപ്പ്യാർഡിൽ ഓർഡർ ചെയ്ത 23 ബോട്ടുകളിൽ 20 എണ്ണം ഇതിനകം ലഭിച്ചു. ശേഷിക്കുന്ന മൂന്ന് ബോട്ടുകളിൽ ഒന്ന് ഡിസംബറിലും രണ്ടെണ്ണം 2028 ജൂണിലും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 യാത്രക്കാരെ ഉൾക്കൊള്ളാവുന്ന 15 പുതിയ ബോട്ടുകൾക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.കൊച്ചി മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പഠനങ്ങളിലും കൊച്ചി വാട്ടർ മെട്രോ പങ്കാളിയാകുന്നുണ്ട്.


0 Comments