ആലങ്ങാട്: വീടുകളുടെ മുന്നിൽ സ്ഥാപിച്ചിരുന്ന പിച്ചള നെയിം ബോർഡുകൾ വ്യാപകമായി മോഷണം പോയതായി പരാതി. ആലങ്ങാട് മേഖലയിലെ ഇരുപതോളം വീടുകളിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രി പിച്ചളയിൽ നിർമിച്ച നെയിം ബോർഡുകൾ മോഷണം പോയത്.
ഒരു നെയിം ബോർഡിന് ഏകദേശം 3,000 മുതൽ 5,000 രൂപ വരെ വിലവരുമെന്നാണ് റിപ്പോർട്ട്. വീടുകളുടെ ഗേറ്റുകളിലും മതിലുകളിലും സ്ഥാപിച്ചിരുന്ന ബോർഡുകളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.
ആലങ്ങാട് മേഖലയിൽ മാത്രമല്ല, സമീപ പ്രദേശങ്ങളായ കോട്ടപ്പുറം, കരുമാലൂർ, കടുങ്ങല്ലൂർ എന്നിവിടങ്ങളിലും മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ പിച്ചള നെയിം ബോർഡുകൾ മോഷണം പോയിരുന്നു.
പ്രദേശത്ത് പിച്ചളയും മറ്റ് ലോഹ വസ്തുക്കളും ലക്ഷ്യമിട്ടുള്ള മോഷണങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാട്ടർ മീറ്ററുകളും പള്ളിയിലെ നേർച്ചപ്പെട്ടിയും ഉൾപ്പെടെ മോഷണം പോയ സംഭവങ്ങളുണ്ടായിരുന്നു.
ഒരേ രീതിയിൽ വിവിധ പ്രദേശങ്ങളിൽ മോഷണം ആവർത്തിക്കുന്ന സാഹചര്യത്തിൽ സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.


0 Comments