തൃശൂർ: നിർമാണം പൂർത്തിയാകാത്ത ദേശീയപാത 66ൽ ടോൾ പിരിവ് ആരംഭിച്ചതിനെതിരെ നാട്ടികയിൽ പ്രതിഷേധം ശക്തമായതോടെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറാണ് പിരിവ് നിർത്തിവയ്ക്കാൻ നിർദേശം നൽകിയത്.
കൊടുങ്ങല്ലൂർ–കപ്പിരിക്കാട് ഭാഗത്ത് സർവീസ് റോഡുകളുടെയും പാലങ്ങളുടെ അപ്രോച്ച് റോഡുകളുടെയും ഉൾപ്പെടെ വിവിധ പ്രവൃത്തികൾ ഇനിയും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ ഗതാഗതക്കുരുക്കിനും യാത്രക്കാർക്ക് ബുദ്ധിമുട്ടിനും കാരണമാകുമെന്ന ജില്ലാ കലക്ടറുടെയും പൊലീസിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
നാട്ടിക ടോൾ പ്ലാസയിൽ പിരിവിനെതിരെ രാവിലെ മുതൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. യുഡിഎഫ് പ്രവർത്തകർ ടോൾ പ്ലാസ ഉപരോധിച്ചതോടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനുനേരെ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു.
ദേശീയപാതയും പാലങ്ങളും സർവീസ് റോഡുകളും ഉൾപ്പെടെയുള്ള അനുബന്ധ നിർമാണങ്ങൾ പൂർത്തിയാക്കാതെ ജനങ്ങളിൽ നിന്ന് ടോൾ ഈടാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. നാട്ടിക പഞ്ചായത്ത് ഭരണസമിതിയും നിർമാണം പൂർത്തിയാകാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്.
നിലവിൽ ടോൾ പിരിവ് താൽക്കാലികമായാണ് നിർത്തിവച്ചിരിക്കുന്നത്. സ്ഥിതിഗതികൾ പരിശോധിച്ച് തുടർതീരുമാനം സ്വീകരിക്കുന്നതിനായി ജില്ലാ കലക്ടറോട് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.


0 Comments