
സിപിഐ എറണാകുളം ജില്ലാ കൗൺസിൽ അംഗവും കർഷക തൊഴിലാളി ഫെഡറേഷൻ (BKMU) ജില്ലാ സെക്രട്ടറിയും എൽഡിഎഫ് പറവൂർ നിയോജകമണ്ഡലം കൺവീനറുമായ പി. എൻ. സന്തോഷ് വിടവാങ്ങി. 66 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്ന് പ്രാവശ്യം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന അദ്ദേഹം അഞ്ചു വർഷക്കാലം വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. 2000–2005 കാലയളവിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ 11 മണി മുതൽ 12.30 വരെ സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസിലും
തുടർന്ന് കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വച്ചു. സംസ്കാരം തത്തപ്പള്ളി പൊതുശ്മശാനത്തിൽ വൈകിട്ട് 4 മണിക്ക് നടന്നു.തുടർന്ന് തത്തപ്പള്ളി ജംഗ്ഷനിൽ ചേർന്ന അനുശോചന യോഗത്തിൽ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും വൻ ജനാവലിയും പങ്കെടുത്തു.
സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. പി. സുരേഷ് രാജ്, കെ. കെ. അഷറഫ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ കമല സദാനന്ദൻ, കെ. എം. ദിനകരൻ, സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ. അരുൺ, മുൻമന്ത്രിമാരായ കെ. ഇ. ഇസ്മയിൽ, എസ്. ശർമ, ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങി ആയിരക്കണക്കിന് ആളുകൾ പ്രിയ ജനകീയ നേതാവിനെ അവസാനമായി കണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിച്ചേർന്നു.


0 Comments