തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമർദ പാത്തിയും മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്.
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നിൽ കണ്ട്, കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.
ഇടിവെട്ട് മഴയ്ക്ക് പുറമെ, മണ്‍സൂണ്‍ ശക്തമായതോടെ ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാകുന്നു. വിവിധ സംസ്ഥാനങ്ങളിലായി 150ൽ പരം പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. യു.പിയില്‍ വെള്ളപ്പൊക്കത്തിലും മിന്നലിലും 52 പേർ മരിച്ചു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ് പ്രകാരം, അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരുമെന്നാണ് പ്രതീക്ഷ.