കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിലുണ്ടായ വൻ തീപിടിത്തത്തിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന. സമീപത്തെ മറ്റൊരു പൈതൃക കെട്ടിടത്തിൽ നിന്നാണ് തീ കോഡർ ഹൗസിലേക്ക് പടർന്നതെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക സംശയം.
സംഭവവുമായി ബന്ധപ്പെട്ട് ലഭിച്ച വീഡിയോ ദൃശ്യങ്ങളിലും സമീപ കെട്ടിടത്തിൽ നിന്ന് കോഡർ ഹൗസിന്റെ മുകൾനിലയിലേക്ക് തീ പടരുന്നതായി കാണുന്നുണ്ടെന്നാണ് റിപ്പോർട്ട്. സമീപ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണറിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന സാധ്യതയും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.
സംശയിക്കുന്ന കെട്ടിടത്തിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഭാഗങ്ങൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ലബോറട്ടറി പരിശോധനയ്ക്കുശേഷമേ തീപിടിത്തത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കാനാകൂ. കെട്ടിട ഉടമയുടെ മൊഴിയും രേഖപ്പെടുത്തും.
സെപ്റ്റംബർ 29ന് വൈകിട്ടുണ്ടായ തീപിടിത്തത്തിൽ കോഡർ ഹൗസിന്റെ മുകൾനിലയും മരപ്പണികളും മേൽക്കൂരയുടെ ഭാഗങ്ങളും ഉൾപ്പെടെ കനത്ത നാശനഷ്ടമുണ്ടായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അതിഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ ആളപായമുണ്ടായില്ല.
കടൽക്കാറ്റും ഉയർന്ന ചൂടും കാരണം പിന്നീട് കെട്ടിടത്തിലെ ചില ഭാഗങ്ങളിൽ വീണ്ടും തീ പടർന്നിരുന്നു. അഗ്നിരക്ഷാസേനയ്ക്കൊപ്പം നാവികസേനയും കോസ്റ്റ് ഗാർഡും തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു.
കൊച്ചിയുടെ ജൂത പൈതൃകവുമായി അടുത്ത ബന്ധമുള്ള ചരിത്രപ്രധാന കെട്ടിടമാണ് കോഡർ ഹൗസ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുള്ള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധന തുടരുകയാണ്.


0 Comments