പറവൂരിൽ നൂറോളം സിപിഐ പ്രവർത്തകർ പാർട്ടിയിൽ നിന്നും രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നു എന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി എൻ അരുൺ പറഞ്ഞു.
സിപിഐയിൽ പ്രവർത്തിച്ചിരുന്ന ചിലർ പോകുന്നു എന്ന് അറിഞ്ഞിട്ടുണ്ട്. എന്നാൽ വളരെ ചുരുക്കം ആളുകളാണ് പരിപാടിയിൽ പങ്കെടുത്തിട്ടുള്ളത്. ഇതിൽ ഒന്നോ രണ്ടോ പേർ ഒഴികെയുള്ളവർ പാർട്ടി സംഘടന നടപടിയെടുത്തിട്ടുള്ളവരും, പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളവരുമാണ്.
വാസ്തവവിരുദ്ധമായ പ്രചരണം നടത്തിക്കൊണ്ട് സിപിഎമ്മിൽ ചേർന്നവരെ സ്വീകരിക്കുന്ന ചടങ്ങിൽ ഉദ്ഘാടനകനായി CPM ജില്ലാ സെക്രട്ടറി പങ്കെടുത്തത് അനുചിതമായി.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ സിപിഎം ൻ്റെ നേതൃനിരയിൽ ഉണ്ടായിരുന്നവർ ഉൾപ്പെടെ നിരവധിപേർ പറവൂരിൽ സിപിഐയിൽ ചേർന്നിരുന്നു.
എന്നാൽ ഇത്തരത്തിൽ ജില്ലാ നേതൃത്വം ഉൾപ്പെടെ പങ്കെടുത്ത് വലിയ പ്രചരണം നടത്തിയല്ല ആ സഖാക്കളെ സ്വീകരിച്ചത്.
ഇടതുപക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് അനാവശ്യമായ ചർച്ചകൾക്ക് ഇടവരുത്തും എന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കാത്തത്.
ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെൻററിന്റെ ഭാഗമായും ദീർഘകാലം പ്രവർത്തിച്ച കെ ബി സോമശേഖരൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒക്ടോബർ 6 ന് വിവിധ പാർട്ടികളിൽ നിന്നുമായി നൂറുകണക്കിന് ആളുകൾ പറവൂരിൽ സിപിഐയിൽ ചേരുമെന്നും എൻ അരുൺ പറഞ്ഞു.
