ഓഗസ്റ്റ് 12, 2025ഇന്ത്യയിലെ ആദ്യ സംഘടിത വിദ്യാർത്ഥി പ്രസ്ഥാനമായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ (AISF) ഇന്ന് 89-ാം സ്ഥാപകദിനം ആഘോഷിക്കുന്നു. 1936 ഓഗസ്റ്റ് 12-ന് രൂപീകൃതമായ എഐഎസ്എഫ്, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയ സ്വാതന്ത്ര്യ സമരത്തിലും, സ്വാതന്ത്ര്യാനന്തര കാലത്ത് വിദ്യാഭ്യാസ-സാമൂഹിക മേഖലകളിലെ ജനാധിപത്യ സംരക്ഷണത്തിലും പ്രമുഖ പങ്ക് വഹിച്ചു.
1920-കളുടെ അവസാനം, ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമായി. 1928-ൽ കൽക്കത്തയിൽ ജവഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിലും, 1929-ൽ ലാഹോറിൽ മദൻ മോഹൻ മാളവ്യയുടെ അധ്യക്ഷതയിലും നടന്ന വിദ്യാർത്ഥി സമ്മേളനങ്ങൾ, ഒരു അഖിലേന്ത്യാ വിദ്യാർത്ഥി സംഘടനയുടെ അടിസ്ഥാനം പാകി.1931 മാർച്ച് 26-ന് കരാച്ചിയിൽ 700-ഓളം പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സംഘടന രൂപീകരണത്തിനുള്ള തീരുമാനമെടുത്തു. 1936 ഓഗസ്റ്റ് 12-ന് എഐഎസ്എഫ് ഔദ്യോഗികമായി രൂപീകൃതമായി.
“വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരണത്തിനും വർഗീയവൽക്കരണത്തിനുമെതിരായ പോരാട്ടമാണ് മുന്നിലുള്ളത്. അത് AISF എപ്പോഴും ഏറ്റെടുക്കും,” സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.
