നാരായണപൂർ :ബജരംഗ്ദൽ പ്രവർത്തകർക്കെതിരെ കേസെടുക്കാത്തത് വിമർശിച്ചുകൊണ്ട് സിപിഐ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. നാരായൺപൂർ ജില്ലയിലെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ബജരംഗ്ദലിനെതിരെ പരാതി നൽകിയ ആദിവാസി പെൺകുട്ടികൾക്കും, കന്യാസ്ത്രീകൾക്കും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കമലേശ്വരി, ലളിത, സുഖമതി എന്നി യുവതികളും അവരുടെ കുടുംബാംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു.
പോലീസ് നിയന്ത്രണമുണ്ടായിരുന്നെങ്കിലും, ആയിരത്തിലധികം സിപിഐ പ്രവർത്തകരെ അണിനിരത്തി പ്രതിഷേധം ശക്തമായി മുന്നോട്ടെടുത്തു. ആദിവാസി യുവതിക്ക് പിന്തുണ നൽകിയതിന്റെ പേരിൽ സിപിഐ ജില്ലാ സെക്രട്ടറിക്ക് വധഭീഷണിയുണ്ടെന്ന് പരാതി ലഭിച്ചിട്ടുണ്ട്.
ബജരംഗ് ദൽ തീവ്രവാദികൾ നടത്തിയ ആക്രമണത്തിനെതിരെ നടപടി എടുക്കാൻ തയ്യാറാകാത്ത സംസ്ഥാന സർക്കാരിനെതിരെയാണ് സിപിഐയുടെ കടുത്ത വിമർശനം. പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് സിപിഐ നേതൃത്വം അറിയിച്ചു.
