ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ച് കത്തോലിക്കാ സഭക്ക് പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കുകയാണ് വത്തിക്കാനിൽ നടന്ന കോൺക്ലേവ്. അമേരിക്കൻ കാർഡിനൽ റോബർട്ട് ഫ്രാൻസിസ് പ്രേവോസ്റ്റ് (Robert Francis Prevost) ലിയോ പതിനാലാമൻ (Pope Leo XIV) എന്ന പേരിലാണ് പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.
കത്തോലിക്കാ സഭയുടെ 2,000 വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി അമേരിക്കയിൽ നിന്നുള്ള വ്യക്തിയാണ് മാർപാപ്പ എന്ന സ്ഥാനം ഏറ്റെടുക്കുന്നത്.വെള്ള പുക ഉയർന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഉല്ലാസം നിറയിച്ചതോടെ, വിശ്വാസികൾ “വിവാ ഇൽ പാപ്പ!” എന്ന മുദ്രാവാക്യം ഉയർത്തി സ്വാഗതം പറഞ്ഞു. “ഹബേമസ് പാപ്പം!” എന്ന ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ മാർപാപ്പ ബാൽക്കണിയിൽ എത്തി ആദ്യ അനുഗ്രഹം നൽകി.
1955 സെപ്റ്റംബർ 14-ന് ഷിക്കാഗോയിൽ ജനിച്ച പ്രേവോസ്റ്റ്, വില്ലനോവ യൂണിവേഴ്സിറ്റി, കാത്തലിക് തിയോളജിക്കൽ യൂണിയൻ, പോണ്ടിഫിക്കൽ യൂണിവേഴ്സിറ്റി ഓഫ് സെന്റ് തോമസ് അക്വിനാസ് എന്നിവിടങ്ങളിൽ പഠിച്ചു. 1985 മുതൽ 1998 വരെ പെറുവിൽ മിഷൻ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. പിന്നീട് പെറുവിലെ ചിലായോയുടെ ബിഷപ്പായും പിന്നീട് വത്തിക്കാനിലെ ബിഷപ്പുമാരുടെ കാര്യങ്ങൾ നോക്കുന്ന ഡികാസ്റ്ററിയുടെ തലവനായി സേവനമനുഷ്ഠിച്ചു.2023-ൽ പോപ്പ് ഫ്രാൻസിസ് അദ്ദേഹത്തെ കാർഡിനലായി നിയമിച്ചപ്പോഴേക്കും അദ്ദേഹം ലോകമെമ്പാടും അറിയപ്പെടുന്ന ഒരു ചിന്തകനും ശാന്തനായ വ്യക്തിത്വവുമായിരുന്നു. ഇപ്പോൾ മാർപാപ്പ എന്ന നിലയിലേക്ക് ഉയരുമ്പോൾ, സമാധാനത്തിനും നന്മയ്ക്കുമുള്ള സന്ദേശവുമായി അദ്ദേഹം മുന്നോട്ട് പോകുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കുന്നു.പുതിയ മാർപാപ്പയുടെ തെരഞ്ഞെടുപ്പ് ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികൾക്കായി പുതിയ പ്രതീക്ഷയുടെ സന്ദേശമാണ്. വിശ്വാസ സമൂഹത്തിൽ യുവത്വം, പരിചയസമ്പത്ത്, മിഷൻ അനുഭവം എന്നിവ സംയോജിപ്പിക്കുന്ന നേതാവായി മാർപാപ്പ ലിയോ XIV ചരിത്രം കുറിച്ചിരിക്കുകയാണ്.