
എറണാകുളം :രാജ്യത്ത് വിശാലമായ പ്രതിപക്ഷനിര കെട്ടിപ്പടുക്കാൻ കഴിഞ്ഞതിലൂടെയാണ് നരേന്ദ്ര മോഡി സർക്കാരിൻ്റെ അപ്രമാദിത്വം അവസാനിപ്പിക്കാനായെതെന്നും ബിജെപിയുടെ മുന്നേറ്റത്തെ ചെറുക്കാൻ കഴിഞ്ഞത് ഇടതു മതേതര കൂട്ടായ്മയുടെ വിജയമാണെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് മ്യൂസിയത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ സ്ഥാപിക്കുന്നതിനുള്ള സി അച്യുതമേനോന്റെ പ്രതിമയും വഹിച്ചുള്ള സ്മൃതിയാത്രയ്ക്ക് നൽകിയ സ്വീകരണങ്ങളിൽ സംസാരിക്കുകയായിരുന്നു യാത്രാ ലീഡർ കൂടിയായ അദ്ദേഹം. കർഷകരും തൊഴിലാളികളും നടത്തിയ വലിയ പ്രക്ഷോഭങ്ങൾ ബിജെപിയുടെ കുതിപ്പിനെ തടയാൻ സഹായകമായി.
കേരളത്തിൽ ഉൾപ്പെടെ ഇടതുപക്ഷശക്തികൾക്ക് നേരിട്ട പരാജയത്തിൽ നിന്നും ഏറെ പാഠം ഉൾക്കൊള്ളേണ്ടതുണ്ട്. ആവശ്യമായ തിരുത്തലുകൾ വരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആർജ്ജിക്കാൻ കഴിയണം. അതിന് അച്യുതമേനോൻ്റെ പ്രവർത്തനവും വികസന കാഴ്ചപ്പാടുകളും കരുത്തുപകരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായാണ് സ്മൃതിയാത്രയെ വരവേറ്റത്.


നഗരത്തിൽ മ്യൂസിയത്തിന് സമീപം പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ സ്ഥാപിക്കുന്നതിനുള്ള സി അച്യുതമേനോന്റെ പ്രതിമയും വഹിച്ചുള്ള സ്മൃതി യാത്ര പയ്യന്നൂരിൽ നിന്ന് പര്യടനമാരംഭിച്ചു. ഗാന്ധി മൈതാനിയിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു സ്മൃതി യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു . കെ പി രാജേന്ദ്രൻ (ക്യാപ്റ്റൻ) സത്യൻ മൊകേരി (ഡയറക്ടർ), ടി വി ബാലൻ, ഇ എസ് ബിജിമോൾ, ടി ടി ജിസ്മോൻ, പി കബീർ എന്നിവർ യാത്ര നയിക്കും. 30ന് വൈകിട്ട് നാലിന് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതിമ അനാച്ഛാദനം ചെയ്യും.

