ന്യൂഡല്ഹി: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണത്തിനൊരുങ്ങുന്നു. ഇതിനായി ബാങ്കിങ് റെഗുലേഷൻ ആക്ടിലും മറ്റു ചില അനുബന്ധ നിയമങ്ങളിലും മാറ്റം വരുത്തും. പൊതുമേഖലാ ബാങ്കുകളിലെ സർക്കാറിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽനിന്ന് താഴെയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഓഹരി വിൽപനയിലൂടെ കൂടുതൽ ധനസമാഹരണം നടത്താൻ സർക്കാർ ലക്ഷ്യമിടുന്നു. ബാങ്കിങ് റെഗുലേഷൻ ആക്ടിനൊപ്പം 1970, 1980 വർഷങ്ങളിലെ ബാങ്കിങ് കമ്പനീസ് ആക്ടിലും ഭേദഗതി വരുത്തേണ്ടതാണ്. 2021ൽ ധനമന്ത്രി നിർമല സീതാരാമൻ ഈ നിയമങ്ങളിൽ ഭേദഗതി നിർദേശിച്ചിരുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിനിടെയായിരുന്നു ശുപാർശ. 2021ലെ കേന്ദ്ര ബജറ്റിലും ബാങ്കുകളുടെ സ്വകാര്യവൽക്കരണം നയമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരുന്നു. എന്നാൽ, അന്ന് നിയമ ഭേദഗതികൾ നടപ്പിലായിരുന്നില്ല.
2020 ഏപ്രിലിൽ കേന്ദ്ര സർക്കാർ 10 പൊതുമേഖലാ ബാങ്കുകൾ നാലാക്കി ചുരുക്കിയിരുന്നു. 2017ൽ 27 ബാങ്കുകൾ 12 ആക്കി. ലയനത്തിലൂടെയാണ് ബാങ്കുകളുടെ എണ്ണം കുറച്ചത്. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും ഓറിയൻറൽ ബാങ്ക് ഓഫ് കോമേഴ്സും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിച്ച് പുതിയ സ്ഥാപനം രൂപപ്പെടുകയും അത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കാവുകയും ചെയ്തു.
സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചപ്പോൾ അലഹബാദ് ബാങ്ക് ഇൻഡ്യൻ ബാങ്കിൽ ലയിച്ചു. ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്കിൽ ലയിച്ചു. 2019ൽ ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവ ലയിച്ചു. 2017 ഏപ്രിലിൽ എസ്ബിഐ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അതിന്റെ 5 അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചു.
ഈ മാസം 23ന് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
