കൊച്ചി: മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വെയര് അപ്ഡേഷനിലുണ്ടായ ആഗോള സൈബര്‍ തകരാറില്‍ ലോകത്തിലെ വ്യോമ, ധന, മാദ്ധ്യമ മേഖലകള്‍ക്ക് ലക്ഷം കോടി ഡോളറിലധികം നഷ്ടം നേരിട്ടതായി പ്രാഥമിക വിലയിരുത്തല്‍.
ആഗോള സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്രൗഡ്സ്ട്രൈക്ക് വരുത്തിയ അപ്ഡേഷന് വഴി മൈക്രോസോഫ്റ്റിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ലോകത്തിലെ വിവിധ സ്ഥാപനങ്ങളുടെ കംപ്യൂട്ടറുകളിലുണ്ടായ തകരാറാണ് വിമാന യാത്രകളെയും ബാങ്കുകള്‍, സ്റ്റോക്ക് ബോക്കിംഗ് സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചത്. കംപ്യൂട്ടറുകള്‍ പണിമുടക്കിയതോടെ യു.എസിലും യൂറോപ്പിലും ആസ്ട്രേലിയയിലും ബിസിനസ് സേവനങ്ങള്‍ തടസം നേരിട്ടു. വിമാന കമ്ബനികളുടെ ടിക്കറ്റിംഗ് മുതല്‍ ചെക്ക് ഇന്‍ വരെസൈബര് തകരാര്‍ മൂലം അവതാളത്തിലായി. പല സര്‍വീസുകളും അനിശ്ചിതമായി വൈകി.
സാങ്കേതിക പ്രശ്നങ്ങള്‍ മൂലം ലോകമെമ്ബാടുമുള്ള ബാങ്കിംഗ്, ധന സേവന മേഖലകളില്‍ വ്യാപകമായ തടസങ്ങള്‍ നേരിട്ടു. രാജ്യത്തെ മുന്‍നിര സ്റ്റോക്കിംഗ് സ്ഥാപനങ്ങളില്‍ ഓഹരി ഇടപാടുകള്‍ നടത്തുന്നതിനും പ്രശ്നങ്ങള്‍ നേരിട്ടുവെന്ന് ഉപഭോക്താക്കള്‍ പറയുന്നു.
വെള്ളിയാഴ്ച രാവിലെ മുതല്‍ അമേരിക്കയിലെ വിവിധ വ്യോമയാന കമ്ബനികള്‍ ഫ്ളൈറ്റ് സര്‍വീസുകള്‍ നിറുത്തിവെച്ചു. ഇന്ത്യന്‍ വിമാന കമ്ബനികളായ ഇന്‍ഡിഗോ, വിസ്താര, ആകാശ, സ്പൈസ് ജെറ്റ് എന്നിവയുടെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.
ഇന്‍ഡിഗോ 200 വിമാന സര്‍വീസുകള്‍ റദ്ദാക്കി
സൈബര്‍ തകരാര്‍ കണക്കിലെടുത്ത് പ്രമുഖ എയര്‍ലൈനായ ഇന്‍ഡിഗോ ഇന്ത്യയൊട്ടാകെ 200 സര്‍വീസുകള്‍ റദ്ദാക്കി. ലോക വ്യാപകമായി വ്യോമയാന സിസ്റ്റത്തിലുണ്ടായ പാളിച്ചകളുടെപ്രതിഫലനമാണ് ഇന്ത്യയിലെ സര്‍വീസുകളെയും ബാധിച്ചതെന്ന് കമ്ബനി അറിയിച്ചു. റദ്ദാക്കിയ സര്‍വീസുകളുടെ റീഫണ്ടുകള്‍ വൈകുമെന്നും അവര്‍ പറയുന്നു.
സാധാരണ നിലയിലാകാന്‍ താമസിക്കും
സൈബര്‍ തകരാറിന്റെ കാരണങ്ങള്‍ കണ്ടെത്തി പ്രശ്നം പരിഹരിച്ചുവെങ്കിലും വ്യോമയാന മേഖല സാധാരണ നിലയിലാകാന്‍ ദിവസങ്ങള്‍ വേണ്ടിവരും. വ്യാപകമായി സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ ഇതിന്റെ അനുരണനങ്ങള്‍ ലോകത്തെ മൊത്തം വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചു. ഓണ്‍ലൈനായി തകരാര്‍ പരിഹരിക്കുന്നതിന് പരിമിതികളുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാനുവലായി സിസ്റ്റം സാധാരണ നിലയിലേക്ക് മാറ്റേണ്ടിവരുമെന്നും അവര്‍ പറയുന്നു.
ഇന്ത്യന്‍ ബാങ്കുകളെ ബാധിച്ചില്ല
ആഗോള സൈബര്‍ തകരാര്‍ ഇന്ത്യയിലെ പത്ത് ബാങ്കുകളെ മാത്രമാണ് നേരിയ തോതില്‍ ബാധിച്ചതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഉപഭോക്ത്യ സേവനങ്ങളെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതല്‍ വേണമെന്ന് നേരത്തെ റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.