കൽപ്പറ്റ: വയനാട് ഉരുൾ പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തഭൂമിയിൽ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകൾ കുറച്ചുനാൾ കൂടി തുടുരുമെന്നും നല്ല നിലയിൽ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു,
തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാൾ കൂടി തുടരും. ക്യാംപുകളിൽ താമസിക്കുന്നത് വ്യത്യസ്ത കുടുംബങ്ങളിലുള്ളവരാണ്. ഓരോ കുടുംബത്തിനും ആ കുടുംബത്തിന്റെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ പറ്റുന്ന തരത്തിലായിരിക്കണം ക്യാംപ്. ക്യാംപിനകത്തേക്ക് ക്യാമറയുമായി മാധ്യങ്ങൾ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരെയെങ്കിലും കാണണമെങ്കിൽ ക്യാംപിന് പുറത്തുവച്ച് മാധ്യമങ്ങൾക്ക്് കാണാം. ക്യാമ്ബിനകത്ത് താമസിക്കുന്നവരെ കാണാൻ വരുന്നവർക്ക് അകത്തേക്ക് കയറാൻ അനുമതി ഉണ്ടാകില്ല. ക്യാംപിന് പുറത്ത് ഒരു റിസപ്ഷൻ ഉണ്ടാക്കും. ക്യാംപിനകത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.