പെരുമ്പാവൂരിൽ വൻ ലഹരി വേട്ട: പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ പിടികൂടി

Keralaപെരുമ്പാവൂരിൽ വൻ ലഹരി വേട്ട: പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ പിടികൂടി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരി വേട്ടയിൽ പത്ത് ലക്ഷത്തിലേറെ രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പോലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം എ.എസ്.പി മോഹിത് റാവത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘവും പെരുമ്പാവൂർ പോലീസും ചേർന്ന് നടത്തിയ വ്യാപക പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിൽ നിന്നുള്ള രഹസ്യ അറകളിൽ നിന്ന് പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

അതേസമയം, ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശികളായ ആരിഫുൽ ഇസ്ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ ഫിഷ് മാർക്കറ്റ് ഭാഗത്ത് നിന്ന് കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശി നജ്മുൽ ഹഖ് (27) പിടിയിലായി.

കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ലാപ്‌ടോപ്പ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഇയാൾ. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്ത് ഒരു ബിൽഡിങ്ങിലെ റൂമിൽ നിന്ന് അഞ്ചുകുപ്പി ഹെറോയിനുമായി നൗഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (34) അറസ്റ്റിലായി.

കണ്ണന്തറ ഭാഗത്തെ ബംഗാൾ കോളനിയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ഒരു മലയാളി യുവാവിനെയും ബിവറേജ് ഭാഗത്ത് പരസ്യമായി മദ്യപിച്ച ഒരാളെയും പോലീസ് പിടികൂടി. പെരുമ്പാവൂർ പട്ടണത്തിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നവരെയും കസ്റ്റഡിയിലെടുത്തു. മഞ്ഞപ്പറ്റി ഭാഗത്ത് പണം വച്ച് ചീട്ടുകളിയിൽ ഏർപ്പെട്ട മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറായിരം രൂപയും പിടികൂടി.

ആകെ പതിനേഴ് കേസുകൾ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്ഐമാരായ റിൻസ് എം തോമസ്, പി.എം റാസിക്, ആൽബിൻ സണ്ണി, ടി.എസ് സനീഷ്, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സിപിഒമാരായ മനോജ് കുമാർ, ബെനി ഐസക്ക് എന്നിവരടങ്ങുന്ന പോലീസ് സംഘം പരിശോധന നടത്തിയത്. രാവിലെ ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെ നീണ്ടു.

പോലീസിൻ്റെ മുൻകൂട്ടി നടത്തിയ പരിശോധനകളിൽ അമ്പതു ലക്ഷത്തിലേറെ രൂപയുടെ ലഹരി വസ്തുക്കൾ പെരുമ്പാവൂരിൽ നിന്ന് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു.

Check out our other content

Check out other tags:

Most Popular Articles