“ദളിതർ നേരിടുന്ന വിവേചനം ഭരണഘടനാ ലംഘനം – സിപിഐ പാർട്ടി കോൺഗ്രസ്”

Kerala“ദളിതർ നേരിടുന്ന വിവേചനം ഭരണഘടനാ ലംഘനം – സിപിഐ പാർട്ടി കോൺഗ്രസ്”

രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ദളിത് വിഭാഗം വിവിധ തരത്തിൽ തൊട്ടുകൂടായ്മയും വിവേചനവും അക്രമവും നേരിടുന്നത് സമൂഹത്തിന് തീരാക്കളങ്കവും ഭരണഘടനയുടെ പൂർണ ലംഘനവുമാണെന്ന് സിപിഐ പാർട്ടി കോൺഗ്രസ്.

മോഡി സർക്കാർ അധികാരത്തിലേറിയ 2014 മുതൽ വിവേചനങ്ങളും അതിക്രമങ്ങളും വർധിച്ചത് ആശങ്കാജനകമാണ്. ആർഎസ്എസ് നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇന്ത്യൻ ഭരണഘടനയെ നിരാകരിക്കുകയും രാജ്യത്തെ നിയമ ചട്ടക്കൂടിന്റെ അടിസ്ഥാനം മനുസ്മൃതി ആക്കണമെന്നുമുള്ള അവരുടെ ആവശ്യം രഹസ്യമല്ല. ചാതുർവർണ്യം പ്രോത്സാഹിപ്പിക്കുന്നതിനായി എഴുതിയ ഗ്രന്ഥമാണ് മനുസ്മൃതി. ലിംഗപരമായ അടിച്ചമർത്തലിനൊപ്പം അധ്വാനിക്കുന്ന എല്ലാ ജനങ്ങളുടെയും അവകാശങ്ങൾ നിഷേധിക്കുന്നതിനെ അത് ന്യായീകരിക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ വളരെ കൂടുതലാണ്.

ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സ്ഥിതിവിവര കണക്കുകൾ പറയുന്നു. 2018ൽ ദളിതർക്കെതിരെ 42,747 അതിക്രമങ്ങളാണ് നടന്നത്. തൊട്ടടുത്ത വർഷം അത് 45,876 ആയി കൂടി. 2020ൽ 50,202 ആയി കുതിച്ചു. ഹരിയാന, ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അതിക്രമങ്ങൾ ക്രമാതീതമായി വർധിക്കുന്നു. ഉത്തർപ്രദേശിൽ 2020ൽ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 12,714 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 3,955 പേർ ാത്രമാണ് ശിക്ഷിക്കപ്പെട്ടത്. തെലങ്കാനയിൽ 1,959 കേസുകളിൽ 25 പേരാണ് ശിക്ഷിക്കപ്പെട്ടത്. ഹരിയാനയിൽ 1,210 കേസുകളിൽ 12 ഉം ഝാർഖണ്ഡിൽ 666 കേസുകളിൽ 15ഉം മധ്യപ്രദേശിൽ 6,899 കേസുകളിൽ 791ഉം, മഹാരാഷ്ട്രയിൽ 2,569 കേസുകളിൽ 87ഉം ഒഡിഷയിൽ 2,046 കേസുകളിൽ അഞ്ചും രാജസ്ഥാനിൽ 7,017 കേസുകളിൽ 886ഉം പേരാണ് ശിക്ഷിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുകയാണ്.കുറ്റാരോപിതർക്കെതിരെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാനും പാർട്ടി കോൺഗ്രസ് സർക്കാരിനോട് ആവശ്യപ്പെട്ടു. പാർട്ടിയും സമാന ചിന്താഗതിക്കാരായ സംഘടനകളും ഒരുമിച്ച് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയായവരെ സംരക്ഷിക്കാൻ മുന്നോട്ടുവരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Check out our other content

Check out other tags:

Most Popular Articles