ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി. 88 വയസ്സായിരുന്നു. ചരിത്രം തിരുത്തിക്കുറിച്ചാണ് 2013 മാർച്ച് 13-ന് അർജന്റീനയിലെ ബ്യൂണസ് ഐറിസിൽനിന്നുള്ള കർദിനാൾ മാരിയോ ബെർഗോളിയ കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യപാപ്പയായിരുന്നു പിന്നീട് ഫ്രാൻസിസ് മാർപാപ്പ എന്നറിയപ്പെട്ട മാരിയോ ബെർഗോളിയ. 1,272 വർഷങ്ങൾക്കു ശേഷമായിരുന്നു യൂറോപ്പിനു പുറത്തുനിന്ന് ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രാദേശിക സമയം 7.35-നാണ് അന്ത്യം സംഭവിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. ക്രിസ്തുവിന്റെ പീഢാനുഭവത്തിരുന്നാളും ഉത്ഥാനവും അനുസ്മരിച്ച് ഈസ്റ്റർ സന്ദേശം നൽകിയാണ് പാപ്പ നിത്യതയിലേക്ക് ചേർക്കപ്പെട്ടത്. അദ്ദേഹത്തിന്റെ അവസാനവാക്കുകളും മാനവികതയുടെ പ്രത്യാശയായി മാറി. യുദ്ധം അവസാനിപ്പിക്കാനും ലോകസമാധാനത്തിനും ആഹ്വാനം ചെയ്തശേഷമാണ് മാർപാപ്പ ഈ ലോകത്തുനിന്നു മടങ്ങിയത്.
