30.8 C
Kerala
Saturday, April 26, 2025

വലിയ ഇടയന് വിട; ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ ദിവംഗതനായി....

ഭാവഗായകന് വിട; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം

Keralaഭാവഗായകന് വിട; സംസ്കാരം ശനിയാഴ്ച ചേന്ദമംഗലത്ത്, തൃശൂരില്‍ പൊതുദര്‍ശനം

തൃശ്ശൂർ :മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു

ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.

മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങള്‍ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങള്‍, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം. അന്വർഥമായ പേര് മലയാളി തിരികെനല്‍കി; ഭാവഗായകൻ.

1944 മാർച്ച്‌ മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തില്‍ രവിവർമ കൊച്ചനിയൻ തമ്ബുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളില്‍ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗം, ലളിതഗാനം എന്നിവയില്‍ സമ്മാനം നേടി

1965-ല്‍ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയില്‍ മുങ്ങിത്തോർത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മർത്യഭാഷ കേള്‍ക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാല്‍ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂേവ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേല്‍ അവാർഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാർ, ജയന്തി, പരേതരായ സുധാകരൻ, സരസിജ.

പൂങ്കുന്നത്തെ വീട്ടില്‍ വെള്ളിയാഴ്ച എട്ടു മുതല്‍ 10 വരെയും റീജണല്‍ തിയേറ്ററില്‍ 12 വരെയും പൊതുദർശനം. സംസ്കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍.

Check out our other content

Check out other tags:

Most Popular Articles