കൊടകര കുഴൽപ്പണക്കേസിൻ്റെ അന്വേഷണം ബിജെപി നേതാക്കളിലേക്ക്.
കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിൽ ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പടെ ബിജെപി നേതാക്കളെ ചോദ്യം ചെയ്യും.
സതീഷിന്റെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തും. ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് നേതാക്കൾ കോടികളുടെ കള്ളപ്പണ ഇടപാട് നടത്തിയതായി സതീഷ് ശനിയാഴ്ച പൊലീസിന് മൊഴി നൽകിയിരുന്നു. ആറു ചാക്കിലായാണ് ഒമ്പതുകോടി രൂപ എത്തിച്ചത്. തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനനും ധർമരാജനും ചേർന്നാണ് പണച്ചാക്ക് ഓഫീസിൻ്റെ മുകളിലേക്ക് കയറ്റിയത്. കള്ളപ്പണ സംഘത്തിലെ ധർമരാജനെ കെ സുരേന്ദ്രനും ജില്ലാ പ്രസിഡന്റ് കെ കെ അനീഷ്കുമാറും തനിക്ക് പരിചയപ്പെടുത്തിയിരുന്നു.