തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളില്‍ പി വി അൻവർ ഇന്ന് പാർട്ടിക്ക് പരാതി നല്‍കും.
പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ നേരിട്ടുകണ്ടാണ് പരാതി നല്‍കുക. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ പകർപ്പ് സംസ്ഥാന സെക്രട്ടറിക്ക് നല്‍കാനാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി സമഗ്രമായ അന്വേഷണം ഉറപ്പുനല്‍കിയെന്നും പാർട്ടി സംഘടനാ തലത്തില്‍ പ്രശ്നം പരിശോധിക്കണമെന്നും അൻവർ ആവശ്യപ്പെടും. പി ശശി സൂപ്പർ മുഖ്യമന്ത്രി ചമയുന്നുവെന്ന പരാതി ഏറെക്കാലമായി സിപിഎമ്മിന് അകത്തുണ്ട്. ഇതേ വികാരമായിരിക്കും പി വി അൻവർ പാർട്ടിയെ അറിയിക്കുക. അൻവറിന്റെ പരാതി വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിക്കും.
അതിനിടെ എഡിജിപി എം.ആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗം ഇന്ന് ചേരും. ഡിജിപി ഷേക്ക് ദർവേസ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം. കഴിഞ്ഞദിവസം പി വി അൻവർ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഡിജിപിയുടെ കീഴില്‍ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ഈ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥനെതിരെ എങ്ങനെ അന്വേഷണം നടത്താൻ കഴിയുമെന്ന ചോദ്യം ഉയർന്നിരിക്കുമ്ബോഴാണ് ആദ്യ യോഗം ചേരുന്നത്.
