ഹേമ കമ്മിറ്റി റിപ്പോർട്ട്

Keralaഹേമ കമ്മിറ്റി റിപ്പോർട്ട്

തിരുവനന്തപുരം: മലയാള സിനിമയിലെ പുരുഷൻമാരായ എല്ലാ സിനിമാപ്രവർത്തകരും ചൂഷകരല്ല എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.

സ്ത്രീകളോട് മാന്യമായും മര്യാദയോടും പെരുമാറുന്ന ഒരുപാട് സിനിമാപ്രവർത്തകരുണ്ട്. അവർക്കൊപ്പം ജോലി ചെയ്യുന്നതില്‍ സ്ത്രീകള്‍ വലിയ സുരക്ഷിതത്വമാണ് അനുഭവിക്കുന്നത്. അവർ നല്‍കിയ മൊഴിയില്‍ ഛായാഗ്രാഹകരും സംവിധായകരുമെല്ലാം ഉള്‍പ്പെടുന്നുന്നു.

തന്‍റെ സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാവരുടെയും സുരക്ഷാ ഉത്തരവാദിത്തത്തോടെ നോക്കി കാണുന്ന ഒരു ഛായാഗ്രാഹകനെക്കുറിച്ചും സംവിധായകനെക്കുറിച്ചും റിപ്പോർട്ടില്‍ എടുത്തു പറയുന്നു. ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ട അവസരങ്ങളില്‍ അത്യാവശ്യമുള്ളവരെ മാത്രമേ സെറ്റില്‍ നില്‍ക്കാൻ അവർ അനുവദിക്കൂ. അത് അഭിനയിക്കുന്നവരില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നിപ്പിക്കും. അങ്ങനെ ഒരുപാട് നല്ല സിനിമ പ്രവർത്തകർ എല്ലാ കാലത്തും സിനിമയിലുണ്ടായിട്ടുണ്ടെന്നും കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ സ്ത്രീകള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, സിനിമയില്‍നിന്നു പിന്മാറിയിട്ടും ചിത്രീകരിച്ച ഇന്‍റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് നടിയെ ഭീഷണിപ്പെടുത്തിയ സംഭവവും റിപ്പോർട്ടിലുണ്ട്. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളരെ ഇന്‍റിമേറ്റ് ആയ രംഗങ്ങള്‍ ഉണ്ടെന്ന് സംവിധായകൻ പറഞ്ഞിരുന്നു. മൂന്നു മാസങ്ങള്‍ക്കു ശേഷം ചിത്രത്തില്‍ നഗ്നതാപ്രദർശനവും ലിപ്‌ലോക്ക് രംഗവും ഉണ്ടെന്നും ശരീരഭാഗങ്ങള്‍ കാണിക്കുന്ന സീനുകള്‍ ഉണ്ടാകുമെന്നും സംവിധായകൻ അറിയിച്ചു. തുടർന്ന്, ഒരു ചുംബനരംഗത്തില്‍ അഭിനയിക്കാനും ശരീരത്തിന്‍റെ പിൻഭാഗം തുറന്നുകാട്ടാനും താൻ നിർബന്ധിതയായെന്ന് നടി പറയുന്നു.

അടുത്ത ദിവസം നഗ്ന ദൃശ്യവും ഒരു ബാത്ത് ടബ് സീനും ചിത്രീകരിക്കുമെന്ന് സംവിധായകൻ പറഞ്ഞതോടെ പ്രതിഫലം പോലും വാങ്ങാതെ സിനിമ ഉപേക്ഷിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. സിനിമയില്‍ തുടരാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച്‌ നടി സംവിധായകന് സന്ദേശം അയച്ചെങ്കിലും അയാള്‍ സമ്മതിച്ചില്ല. കൊച്ചിയില്‍ നേരിട്ട് എത്താതെ സിനിമയ്ക്കായി ചിത്രീകരിച്ച ഇന്റിമേറ്റ് സീനുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് സംവിധായകൻ ഭീഷണിപ്പെടുത്തി.

ഭയം മൂലം വരാന്തയിലെ സോഫയില്‍ കിടന്നുറങ്ങി, കാരവന്‍ ഡ്രൈവറും വില്ലന്‍; ദുരനുഭവം തുറന്നുപറഞ്ഞ് നടിമാര്‍

Check out our other content

Check out other tags:

Most Popular Articles