ബ്രേക്കിങ് ന്യൂസോ ഒരു സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ലോകം കേൾക്കുന്ന മരണമാണ് എനിക്ക് വേണ്ടത്: ഗസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
ഗസ: 18 മാസമായി പലസ്തീനിലെ യുദ്ധം റിപ്പോർട്ട് ചെയ്തു കൊണ്ടിരുന്ന ഗസയിലെ ഫോട്ടോ ജേർണലിസ്റ്റ് ഫാത്തിമ ഹസൂന ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
വിവാഹിതയാകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഹസൂനയുടെ മരണം. വടക്കൻ ഗസയിലെ അവരുടെ വീട്ടിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ 25 കാരിയായ ഹസൂനയും ഗർഭിണിയായ സഹോദരി ഉൾപ്പെടെ അവരുടെ കുടുംബത്തിലെ പത്ത് അംഗങ്ങളും കൊല്ലപ്പെട്ടു.
ഇസ്രയേൽ ആക്രമണം ആരംഭിച്ചതു മുതൽ ഗസയിലെ ഹസൂനയുടെ ജീവിതം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി ഒരു ഫ്രഞ്ച് സ്വതന്ത്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുമെന്ന പ്രഖ്യാപനം വന്ന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ഹസൂന കൊല്ലപ്പെട്ടത്.
ഇറാനിയൻ സംവിധായിക സെപിദേ ഫാർസിയായായിരുന്നു ‘പുട്ട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്ക്’ എന്ന ഡോക്യുമെന്ററി നിർമിച്ചത്. ഹസൂനയും ഫാർസിയും തമ്മിലുള്ള വീഡിയോ സംഭാഷണങ്ങളിലൂടെ ഗസയുടെ ദുരിതങ്ങളുടെയും ഫലസ്തീനികളുടെ ദൈനംദിന ജീവിതത്തിന്റെയും കഥ ഡോക്യുമെന്ററി പറയുന്നു.
ഗസയിലെ തന്റെ കണ്ണുകളായി ഹസൂന മാറിയെന്നായിരുന്നു ഫാർസി പറഞ്ഞത്. ‘തീജ്വാലയും ജീവൻ നിറഞ്ഞതുമാണ് അവളുടെ കണ്ണുകൾ. അവളുടെ ചിരി, കണ്ണുനീർ, പ്രതിഷേധങ്ങൾ, വിഷാദം എല്ലാം ഞാൻ ചിത്രീകരിച്ചു,’ ഫാർസി പറഞ്ഞു.
ഗസയിൽ താമസിക്കുന്ന ഒരു യുവ ഫോട്ടോ ജേണലിസ്റ്റ് എന്ന നിലയിൽ മരണം എപ്പോഴും തന്റെ പടിവാതിൽക്കൽ ഉണ്ടെന്ന് ഫാത്തിമ ഹസൂനക്ക് അറിയാമായിരുന്നു. കഴിഞ്ഞ 18 മാസത്തെ യുദ്ധത്തിൽ വ്യോമാക്രമണങ്ങൾ, വീട് തകർക്കൽ, അനന്തമായ കുടിയിറക്കം എന്നിവ രേഖപ്പെടുത്താൻ ശ്രമിക്കുമ്പോഴൊക്കെയും മരണം തൊട്ടടുത്തുണ്ടെന്ന് ഹസൂന വിശ്വസിച്ചു.
അതുകൊണ്ട് തന്നെ, നിശബ്ദമായി മരിക്കരുതെന്നായിരുന്നു അവളുടെ ആഗ്രഹം.‘എനിക്ക് നിശബ്ദമായി മരിക്കേണ്ട. ഒരു ബ്രേക്കിങ് ന്യൂസോ ഒരു ഗ്രൂപ്പിലെ ഒരു സംഖ്യയോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോകം കേൾക്കുന്ന ഒരു മരണമാണ് എനിക്ക് വേണ്ടത്. കാലത്തിനോ സ്ഥലത്തിനോ കുഴിച്ചുമൂടാൻ കഴിയാത്ത ഒരു കാലാതീതമായ പ്രതിച്ഛായയാണ് എനിക്ക് വേണ്ടത്,’ ഹസൂന സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.